ആഷസ് മൂന്നാം ടെസ്റ്റിൽ നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ട് 153 നു നാലു വിക്കറ്റുകൾ എന്ന നിലയിൽ. ഇന്നലെ വിക്കറ്റ് നഷ്ടമാവാതെ 27 റൺസിന് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ഇനി 98 റൺസ് കൂടി വേണം കളി ജയിക്കാൻ. രാവിലെത്തെ സെഷനിൽ 27 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് ആണ് ഇംഗ്ലണ്ട് കൂട്ടിച്ചേർത്തത്. നിലവിൽ 40 റൺസ് നേടി ഹാരി ബ്രൂക്കും 7 റൺസ് നേടി ബെൻ സ്റ്റോക്സും ആണ് ക്രീസിൽ.
രാവിലെ ആദ്യം ഓപ്പണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റൺസ് എടുത്ത ഡക്കറ്റ് സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. തുടർന്ന് വന്ന മോയിൻ അലിയെ 5 റൺസ് എടുത്ത ഉടൻ സ്റ്റാർക്ക് ക്ലീൻ ബോൾഡ് ചെയ്തു. 44 റൺസ് എടുത്തു മികച്ച രീതിയിൽ ബാറ്റ് ചെയ്ത സാക് ക്രാവ്ലിയെ മിച്ചൽ മാർഷ് അലക്‌സ് കാരിയുടെ കയ്യിൽ എത്തിച്ചു. 23 റൺസ് എടുത്ത ജോ റൂട്ടിനെ അലക്‌സ് കാരിയുടെ കയ്യിൽ എത്തിച്ചു ക്യാപ്റ്റൻ പാറ്റ് കമ്മിൻഡ് ഓസ്‌ട്രേലിയക്ക് മുൻതൂക്കം നൽകി. അടുത്ത സെഷനിൽ വേഗത്തിൽ റൺസ് നേടാൻ ആവും ഇംഗ്ലണ്ട് ശ്രമം.