ഗോകുലം കേരള എഫ് സിയിലെ ആറാം വിദേശ താരം അവസാനം എത്തി. ഐവറി കോസ്റ്റിൽ നിന്നുള്ള ആർതർ കൊയാസി ആണ് ഗോകുലവുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ആറാം വിദേശ താരത്തിനായുള്ള കാത്തിരിപ്പ് ഈ ഐവറി കോസ്റ്റുകാരനിൽ എത്തുകയായിരുന്നു. ഇന്നലെ ക്ലബിനൊപ്പം ചേർന്ന താരത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
ആർതറിന്റെ രജിസ്ട്രേഷൻ പൂർത്തിയാവുകയാണ് എങ്കിൽ നാളെ ചെന്നൈ സിറ്റിക്കെതിരെ ആർതറിനെ കളിപ്പിക്കും എന്ന് ഗോകുലം കേരള എഫ് സി പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. ആർതറിന്റെ വരവ് ടീമിനെ കൂടുതൽ ശക്തമാക്കും എന്നും അന്റോണിയോ ജർമ്മന് കൂടുതൽ കോമ്പറ്റീഷൻ നൽകുമെന്നാണ് പ്രതീക്ഷ എന്നും ബിനോ ജോർജ്ജ് പറഞ്ഞു. ഹെൻറി കിസേക ഗോകുലത്തിലേക്ക് എത്തിയ അതേ വഴിയിലൂടെയാണ് ആർതറും വരുന്നത്. അതുകൊണ്ട് തന്നെ താരം മോശമാകില്ല എന്നാണ് പ്രതീക്ഷ എന്നും ബിനോ കൂട്ടിചേർത്തു.
കഴിഞ്ഞ തവണ ഗോകുലത്തിനായി തകർത്തു കളിച്ച താരമായിരുന്നു കിസേക. 28കാരനായ ആർതർ അവസാനം മംഗോളിയൻ പ്രീമിയ ലീഗ് ക്ലബായ ഉലാൻബാറ്റർ സിറ്റിക്കാണ് കളിച്ചത്. അതിനുമുമ്പ് ഫിലിപ്പീൻസ് ക്ലബായ ഇലോകോസ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.