ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ക്ലാസിക് ത്രില്ലർ ആണ് കാണാൻ കഴിഞ്ഞത്. ഇന്ന് വെസ്റ്റ് ഹാമിനെ എവേ ഗ്രൗണ്ടിൽ നേരിട്ട ആഴ്സണൽ 32 മിനുട്ട് കഴിയുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിറകിലായിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 3-3 എന്ന സമനില പിടിക്കാൻ ഇന്ന് അർട്ടേറ്റയുടെ ആഴ്സണലിനായി. ഇന്ന് മത്സരം ആരംഭിച്ച് 15ആം മിനുട്ടിൽ വെസ്റ്റ് ഹാം ആദ്യ ഗോൾ നേടി. ബോക്സിന് പുറത്ത് നിന്ന് ലിങാർഡ് നേടിയ ലോകോത്തര സ്ട്രൈക്കാണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്.
ഈ ഗോൾ കിട്ടിയ ഞെട്ടൽ മാറും മുമ്പ് ഒന്നിന് പിറകെ ഒന്നായി രണ്ടു ഗോളുകൾ കൂടെ ആഴ്സണൽ ഗോളിയെ മറികടന്ന് വലയിലേക്ക് പോയി. ലിങാർഡിന്റെ പാസിൽ നിന്ന് ബോവനും, അന്റോണിയോയുടെ പാസിൽ നിന്ന് സൗചകും ആണ് ഗോളുകൾ നേടിയത്. കളി അര മണിക്കൂർ പിന്നിടുമ്പോൾ തന്നെ ആഴ്സ്ണൽ മൂന്ന് ഗോളുകൾക്ക് പിറകിൽ.
ഇതിനു ശേഷം പതിയെ ആഴ്സണൽ കളിയിലേക്ക് തരികെ വന്നു. 38ആം മിനുട്ടിൽ സൗചകിന്റെ സെൽഫ് ഗോൾ ആഴ്സണലിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഹാഫ് ടൈമിന് പിരിയുമ്പോൾ സ്കോർ 3-1. ഹാഫ് ടൈമിനു ശേഷം ഇറങ്ങിയ ആഴ്സണൽ ടീം തീർത്തും കളിയിൽ ആധിപത്യം പുലർത്തി. നിരന്തരം അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഇതിന്റെ ഗുണമായി ഒരു സെൽഫ് ഗോൾ കൂടെ ആഴ്സണലിന് ലഭിച്ചു. 61ആം മിനുട്ടിൽ ഡൗസന്റെ വക ആയിരുന്നു ആ സെൽഫ് ഗോൾ. സ്കോർ 3-2 എന്നായി.
അർട്ടേറ്റ പെപെയെ സബ്ബായി കളത്തിൽ എത്തിച്ചു. അതിനു ഫലം ഉണ്ടായി. പെപെയുടെ പാസിൽ നിന്ന് 82ആം മിനുട്ടിൽ ലകസെറ്റ് സമനില ഗോൾ നേടി. 3-0ൽ നിന്ന് 3-3. അവസാനം വരെ വിജയ ഗോളിനായി ആഴ്സണൽ ശ്രമിച്ചു എങ്കിലും അത് പിറന്നില്ല. വിജയ ഗോൾ നേടിയിരുന്നു എങ്കിൽ ആഴ്സണൽ ആരാധകർ ഒരിക്കലും മറക്കാത്ത തിരിച്ചുവരവായി ഈ കളി മാറിയേനെ.
ആഴ്സണൽ 42 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും വെസ്റ്റ് ഹാം 49 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുകയാണ്.