വനിത സൂപ്പർ ലീഗിൽ എവർട്ടൺ വനിതകളെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ വനിതകൾ. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള ചെൽസിയും ആയുള്ള പോയിന്റ് വ്യത്യാസം ഇനി വെറും അഞ്ചു കളികൾ മാത്രം ബാക്കി നിൽക്കെ വെറും 1 പോയിന്റ് ആയി ആഴ്‌സണൽ നിലനിർത്തി. ആഴ്‌സണൽ താരങ്ങൾ റെക്കോർഡ് ഇടുന്ന കാഴ്ച കണ്ട മത്സരത്തിൽ ഏതാണ്ട് 70 ശതമാനം പന്ത് കൈവശം വച്ച ആഴ്‌സണൽ 25 ഷോട്ടുകളും ഉതിർത്തു.
ആദ്യ പകുതി അവസാനിക്കും മുമ്പ് 43 മത്തെ മിനിറ്റിൽ ലീ വില്യംസന്റെ പാസിൽ നിന്നു കാറ്റലിൻ ഫോർഡ് ആണ് ആഴ്‌സണലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. 67 മത്തെ മിനിറ്റിൽ വിവിയാന മിയദെമയുടെ പാസിൽ നിന്നു ബെത് മെഡ് ആഴ്‌സണലിന്റെ രണ്ടാം ഗോൾ നേടി. വനിത സൂപ്പർ ലീഗിൽ ഇതോടെ 50 ഗോളുകളും താരം തികച്ചു. തുടർന്ന് 75 മത്തെ മിനിറ്റിൽ ബെത് മെഡിന്റെ പാസിൽ നിന്നു ജോർദാൻ നോബ്‌സ് ഗോൾ നേടിയതോടെ ആഴ്‌സണൽ വലിയ ജയം ഉറപ്പിച്ചു. ജോർദാൻ നോബ്‌സിന്റെയും വനിത സൂപ്പർ ലീഗിലെ അമ്പതാം ഗോൾ ആയിരുന്നു ഇത്. വനിത സൂപ്പർ ലീഗിൽ ബെത് മെഡ് നൽകുന്ന 36 മത്തെ അസിസ്റ്റ് കൂടി ആയിരുന്നു ഇത്. ഇതോടെ വനിത സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമായി ബെത് മെഡ് മാറി, കാരൻ കാർണിയുടെ റെക്കോർഡ് ആണ് ആഴ്‌സണലിന്റെ വിശ്വസ്ഥ മറികടന്നത്.