പ്രീമിയർ ലീഗിലെ രണ്ട് വലിയ ടീമുകൾക്ക് നേർക്കുനേർ വന്ന പോരാട്ടം സമനിലയിൽ. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും നേർക്കുനേർ വന്ന മത്സരമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്. ഇരു ടീമുകളും ഇന്ന് കരുതലോടെയാണ് കളിച്ചത്. ഒബാമയങ്ങും ബുകയോ സാകയും ഇല്ലാതെ ആയിരുന്നു ആഴ്സണൽ ഇറങ്ങിയത്. ആദ്യ പകുതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആധിപത്യം പുലർത്തി എങ്കിലും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. ഫ്രെഡിന്റെ ഒരു ഷോട്ട് ലെനോ ഗംഭീരമായ ഒരു ഫിംഗർ ടിപ് സേവിലൂടെ തട്ടിയകറ്റി. ഇതുകൂടാതെ ബ്രൂണോ ഫെർണാണ്ടസിനും റാഷ്ഫോർഡിനും അവസരം കിട്ടി എങ്കിലും ടാർഗറ്റിലേക്ക് ഷോട്ട് വീണില്ല.
മറുവശത്ത് കൗണ്ടറിലൂടെ ആഴ്സണലും ഗോളിന് അടുത്ത് എത്തി. രണ്ടാം പകുതിയിൽ ആഴ്സണൽ കളി മെച്ചപ്പെടുത്തി. എങ്കിലും ഗോൾ വന്നില്ല. ലകാസെറ്റയുടെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനിക്ക് രണ്ട് സുവർണ്ണാവസരങ്ങൾ മത്സരം വിജയിക്കാൻ കിട്ടി എങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട പോരാട്ടത്തിന് തിരിച്ചടിയാകും. 21 മത്സരങ്ങളിൽ 41 പോയിന്റുമായി രണ്ടാമത് തന്നെ നിൽക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആഴ്സണൽ 31 പോയിന്റുമായി എട്ടാമതും നിൽക്കുന്നു.