മാഞ്ചസ്റ്ററിലെ കണക്ക് ആഴ്സണൽ എമിറേറ്റ്സിൽ തീർത്തും. പ്രീമിയർ ലീഗ് ഈ സീസണിൽ കണ്ട ഏറ്റവും ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. അതും 90ആം മിനുട്ടിലെ വിജയ ഗോളിൽ.
എമിറേറ്റ്സിൽ ഇന്ന് തുടക്കം മുതൽ ആവേശകരമായ മത്സരമാണ് കാണാൻ ആയത്. ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിന്റെ ഭംഗി മത്സരത്തിന് ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. മാർക്കസ് റാഷ്ഫോർഡിന്റെ മികവായിരുന്നു ഈ ഗോൾ. 17ആം മിനുട്ടിൽ ഡ്രിബിൾ ചെയ്ത് തോമസ് പാർട്ടിയെ മറികടന്ന റാഷ്ഫോർഡ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു നല്ല ഷോട്ടോടെ വല കണ്ടെത്തുക ആയിരുന്നു. ലോകകപ്പ് കഴിഞ്ഞ ശേഷമുള്ള റാഷ്ഫോർഡിന്റെ ഒമ്പതാം ഗോളാണ് ഇത്.
ഈ ഗോളിന് 7 മിനുട്ടിനകം ആഴ്സണൽ മറുപടി നൽകി. ഗ്രാനറ്റ് ഷാക്ക നൽകിയ മികച്ച ക്രോസിൽ മിന്ന് എങ്ക്റ്റിയ ആണ് ആഴ്സണലിനായി സമനില ഗോൾ നേടിയത്. സ്കോർ 1-1. കളി ഇതോടെ വീണ്ടും ചൂടുപിടിച്ചു. ആദ്യ പകുതിയിൽ മക്ടോമിനയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടെ ഗോളിനടുത്ത് എത്തി എങ്കിലും റാംസ്ഡെലിന്റെ സേവ് ആഴ്സണലിനെ കാത്തു.
രണ്ടാം പകുതിയിൽ ആഴ്സണലിൽ നിന്ന് കൂടുതൽ മികച്ച ഫുട്ബോൾ കാണാൻ ആയി. 52ആം മിനുട്ടിൽ ബുകായോ സാകോയുടെ ഒരു സ്പെക്ടാക്കുലർ സ്ട്രൈക്ക് ആഴ്സണലിനെ മുന്നിൽ എത്തിച്ചു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നായിരുന്നു സാകയുടെ ഇടം കാലൻ സ്ട്രൈക്ക്. സ്കോർ 2-1.
ഈ ഗോളിന് പിന്നാലെ പെനാൾട്ടി ബോക്സിലെ ആഴ്സണൽ ഡിഫൻസ് കൂട്ടത്തിനിടയിലൂടെ മുന്നേറി റാഷ്ഫോർഡ് തൊടുത്ത ഷോട്ട് വേൾഡ് ക്ലാസ് സേവിലൂടെ റാംസ്ഡെൽ ഗോളിൽ നിന്ന് അകറ്റി. എന്നാൽ 60ആം മിനുട്ടിൽ യുണൈറ്റഡ് സമനില കണ്ടെത്തി. ഒരു കോർണറിൽ നിന്ന് ബൗൾ ക്ലിയർ ചെയ്യാനുള്ള റാംസ്ഡെൽ ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ലിസാൻഡ്രോ മാർട്ടിനസിന്റെ ഒരു ബ്രേവ് ഹെഡർ യുണൈറ്റഡിന് സമനില തിരികെ നൽകി. അർജന്റീനൻ താരത്തിന്റെ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. സ്കോർ 2-2.
മത്സരം ഇതിനു ശേഷവും ആക്രമണത്തിനു പിറകെ ആക്രമണമായി തുടർന്നും 65ആം മിനുട്ടിൽ ഒഡെഗാർഡിനെ തടയുന്ന ഒരു ഗംഭീര എറിക്സൺ ബ്ലോക്ക് കാണാൻ ആയി. 69ആം മിനുട്ടിൽ സാകയുടെ ഒരു ഇടംകാലൻ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്തായത്. ആഴ്സണൽ തുടർ ആക്രമണങ്ങൾ നടത്തിയിട്ടും യുണൈറ്റഡ് ഡിഫൻസ് ഭേദിക്കാൻ ആവാഞ്ഞതോടെ അർട്ടേറ്റ അവരുടെ പുതിയ സൈനിംഗ് ട്രൊസാർഡിനെ കളത്തിൽ എത്തിച്ചു.
84ആം മിനുട്ടിൽ എങ്കിറ്റിയയുടെ ഗോളെന്ന് ഉറച്ച് ഷോട്ട്സേവ് ചെയ്തു കൊണ്ട് ഡി ഹിയ യുണൈറ്റഡ് രക്ഷകനായി അവതരിച്ചു. പക്ഷെ 90ആം മിനുട്ടിൽ എങ്കിറ്റിയയെ തടയാൻ ഡി ഹിയക്ക് ആയില്ല. 90 ആ മിനുട്ടിലെ ആഴ്സണൽ വിന്നർ. എങ്കിറ്റയുടെ കളിയിലെ രണ്ടാം ഗോൾ അവരുടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഈ വിജയത്തോടെ ആഴ്സണൽ 50 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 39 പോയിന്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് നാലാമത് തുടരും.