ആഴ്സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തകർത്തെറിഞ്ഞ് കൊണ്ടാണ് ആഴ്സണൽ സിറ്റിയെ മറികടന്ന് ഒന്നാമത് എത്തിയത്. ഇന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം. അഞ്ചിൽ നാലു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.
മത്സരത്തിന്റെ ആദ്യ അഞ്ച് മിനുട്ടിനകം തന്നെ ആഴ്സണൽ ഇന്ന് ലീഡ് എടുത്തു. സാക നൽകിയ പാസ് സ്വീകരിച്ച് ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലിയുടെ വക ആയിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. ആദ്യ പകുതിയിൽ തന്നെ വലിയ അവസരങ്ങൾ ആഴ്സണൽ സൃഷ്ടിച്ചു എങ്കിലും കൂടുതൽ ഗോളുകൾ വന്നില്ല.
എന്നാൽ രണ്ടാം പകുതിയിൽ ഗോൾ ഒഴുകുക ആയിരുന്നു. 49ആം മിനുട്ടിൽ റീസ് നെൽസണിലൂടെ ആഴ്സണൽ രണ്ടാം ഗോൾ നേടി. മൂന്ന് മിനുട്ട് കഴിഞ്ഞു യുവതാരം വീണ്ടും വലകുലുക്കി. ഇത്തവണ ജീസുസിന്റെ പാസിൽ നിന്നായിരുന്നു നെൽസന്റെ ഗോൾ.
57ആം മിനുട്ടിൽ പാർട്ടിയുടെ ഒരു വേൾഡി ഗോൾ ആഴ്സണലിന്റെ നാലാം ഗോളായി മാറി. ഇന്ന് മധ്യനിര ഭരിച്ച പാർട്ടി അർഹിക്കുന്ന ഗോളായിരുന്നു അത്. 78ആം മിനുട്ടിൽ ഒഡെഗാർഡിന്റെ പാസ് കൂടെ വന്നതോടെ വിജയം പൂർത്തിയായി.
ഈ വിജയത്തോടെ ആഴ്സണൽ 31 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഫോറസ്റ്റ് ലീഗിലെ അവസാന സ്ഥാനത്താണ്.