വാറിന്റെ വര മറികടന്ന് റിച്ചാർലിസൻ, എല്ലാത്തിനും മുകളിലൂടെ ഗ്രേയുടെ അത്ഭുത ഗോളും!! ആഴ്സണൽ നിലത്ത്!!

Newsroom

എട്ടു മത്സരങ്ങളിൽ വിജയിമില്ലാതെ കഷ്ടപ്പെടുക ആയിരുന്ന എവർട്ടൺ ആവേശകരമായി തന്നെ വിജയവഴിയിലേക്ക് എത്തി. ഗുഡിസൺ പാർക്കിൽ വെച്ച് ആഴ്സണലിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എവർട്ടൺ പരാജയപ്പെടുത്തിയത്. വാർ നിഷേധിച്ച രണ്ടു ഗോളുകളും മറികടന്നായിരുന്നു എവർട്ടന്റെ വിജയം.

ഇന്ന് മൂന്ന് ഗംഭീര ഗോളുകൾ ആണ് എവർട്ടൺ താരം റിച്ചാർലിസൺ ആഴ്സണലിന്റെ പ്രതിരോധം മറികടന്ന് വലയിലേക്ക് എത്തിച്ചത്. എന്നാൽ ഈ മൂന്ന് ഗോളുകൾ ഹാട്രിക്ക് ആയില്ല. അടിച്ച രണ്ടു ഗോളുകളിൽ ആദ്യ രണ്ടും മില്ലീമീറ്റർ വ്യത്യാസത്തിന് ഓഫ്സൈഡ് വിധിച്ച് വാർ തിരികെയെടുത്തു. ഇന്ന് ആഴ്സണലിന് എതിരായ മത്സരത്തിൽ 44ആം മിനുട്ടിൽ ആയിരുന്നു റിച്ചാർലിസന്റെ ആദ്യ ഗോൾ. ഗോളും അടിച്ച് ബ്രസീലിയൻ താരം ആഹ്ലാദവും നടത്തി എങ്കിലും വാർ ചെക്കിൽ താരം ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞു.

പിന്നാലെ 45ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ഒരു വോളി ആഴ്സണലിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഒരിക്കൽ കൂടെ റിച്ചാർലിസൻ എവർട്ടണായി ഗോൾ നേടി. ഇത്തവണ ആദ്യത്തേതിനേക്കാൾ ചെറിയ വ്യത്യാസത്തിന് ഓഫ് സൈഡ് കോൾ വന്നു.അതിലും താരം തളർന്നില്ല. 79ആം മിനുട്ടിൽ ഗ്രേയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങവെ റിച്ചാർലിസൺ ഹെഡറിലൂടെ പന്ത് വലയിലേക്ക് എത്തിച്ചു. ഇത്തവണ ഒരു വാറും താരത്തെ തടഞ്ഞില്ല.

ഈ ഗോൾ നൽകിയ ഊർജ്ജം വെച്ച് വിജയ ഗോളിനായി പൊരുതിയ എവർട്ടണ് ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ കണ്ടെത്തി. ഗ്രേയുടെ ഒരു വേൾഡ് ക്ലാസ് സ്ട്രൈക്കാണ് എവർട്ടണ് വിജയം നൽകിയത്. ഏതു കളിയും വിജയിക്കാൻ മാത്രം മികവുള്ള ഗോളായിരുന്നു ഗ്രേയുടെ ബൂട്ടിൽ നിന്ന് പിറന്നത്.