ഒരു സ്‌ട്രൈക്കറിന് ആയുള്ള ആഴ്‌സണലിന്റെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം ആവുന്നത് ആയി റിപ്പോർട്ട്. സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കാനുള്ള അവസാന ഘട്ട ചർച്ചയിൽ ആണ് ആഴ്‌സണൽ എന്നാണ് റിപ്പോർട്ട്. നേരത്തെ ആർ.ബി ലെപ്സിഗ് താരം ബെഞ്ചമിൻ സെസ്കോക്ക് ആയും ആഴ്സണൽ ശക്തമായി ശ്രമിച്ചിരുന്നു. മുൻ പരിശീലകൻ റൂബൻ അമോറിയത്തിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കം താരത്തിന് ആയി ശ്രമിച്ചെങ്കിലും ആഴ്സണലിനെ മാത്രം മതി എന്നു തീരുമാനിച്ച ഗ്യോകെറസും ആയി ആഴ്സണൽ വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു.
നിലവിൽ താരവും ആയി 5 വർഷത്തേക്കുള്ള കരാർ ധാരണയിൽ ആഴ്‌സണൽ എത്തിയിട്ടുണ്ട്. എന്നാൽ മുമ്പ് താരത്തെ കൂടുതൽ വിലക്ക് വിൽക്കാനുള്ള സ്പോർട്ടിങ് ശ്രമങ്ങൾ ആണ് ട്രാൻസ്ഫറിന് തടസം ആയി നിന്നത്. തുടർന്ന് ക്ലബും ആയി തെറ്റിയ സ്വീഡിഷ് താരം സ്പോർട്ടിങിലേക്ക് മടങ്ങില്ല എന്ന തീരുമാനം എടുത്തിരുന്നു. അതിനു ഇടയിൽ സെസ്‌കോക്ക് ആയുള്ള ആഴ്‌സണൽ ശ്രമങ്ങളും വലിയ ട്രാൻസ്‌ഫർ തുക കാരണം മുടങ്ങിയിരുന്നു. തുടർന്ന് ആണ് സ്പോർട്ടിങ് താരത്തിന്റെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ കടും പിടുത്തം ഒഴിവാക്കിയതും ആഴ്‌സണലും ആയി ചർച്ചകൾ കൂടുതൽ ശക്തമാക്കിയതും. നിലവിൽ ക്ലബുകൾ തമ്മിൽ ട്രാൻസ്ഫർ തുകയിൽ ഉടൻ ധാരണയിൽ എത്തും എന്നാണ് സൂചന. പോർച്ചുഗീസ് ക്ലബിന് ആയി 102 കളികളിൽ നിന്നു 97 ഗോളുകൾ നേടിയ ഗ്യോകെറസ് അവർക്ക് 2 ലീഗ് കിരീടങ്ങളും നേടി നൽകിയിരുന്നു. നേരത്തെ ഇംഗ്ലണ്ടിൽ സ്വാൻസി, കോവൻഡ്രി, ബ്രൈറ്റൺ ടീമുകൾക്ക് ആയി കളിച്ച 27 കാരനായ സ്വീഡിഷ് സ്‌ട്രൈക്കർ ആഴ്‌സണലിൽ വിജയമാവുമോ എന്നു കാത്തിരുന്നു കാണാം.