ഫുട്ബോൾ ലോകത്തെ വിഴുങ്ങി കൊറോണ ഭീതി. പ്രീമിയർ ലീഗ് മത്സരങ്ങൾ മുമ്പ് എന്ന പോലെ നടക്കും എന്നു അധികൃതർ അറിയിച്ചു നിമിഷങ്ങൾക്ക് അകം പ്രീമിയർ ലീഗിനെയും ലോകത്തെ സകല ആരാധകരെയും ഞെട്ടിച്ച് ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടേറ്റക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം പുറത്ത് വന്നു. തനിക്ക് വലിയ നിരാശ പകരുന്നത് ആണ് ഈ വാർത്ത എന്നു പ്രതികരിച്ച ആർട്ടെറ്റ, താൻ ഉടൻ സുഖം പ്രാപിച്ചു പരിശീലനത്തിൽ തിരിച്ചു വരും എന്ന പ്രതീക്ഷ പങ്ക് വച്ചു. ഇതോടെ സകല ആഴ്സണൽ താരങ്ങളും ക്ലബ് ജീവനക്കാരും നിരീക്ഷണത്തിൽ ആണ്.
ശനിയാഴ്ച നടക്കാനിരുന്ന ആഴ്സണലിന്റെ മത്സരം ഇതോടെ മാറ്റി വച്ചു. സംഭവം ഗുരുതരമായതിനാൽ തന്നെ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തി വക്കാനും സാധ്യതകൾ ഒരുപാട് ആണ്. കൊറോണ വൈറസ് ബാധിച്ച ഒളിമ്പിയാക്കോസ് ഉടമയും ആയി കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിനു ഇടയിൽ ആഴ്സണൽ അധികൃതരും താരങ്ങളും ഇടപെഴുകിയത് ആണ് രോഗം പടരാൻ കാരണമായി അനുമാനിക്കുന്നത്.