വെങർ ആശാനെ സാക്ഷി നിർത്തി തിരിച്ചു വന്നു ജയിച്ചു ആഴ്‌സണൽ യുവതാരങ്ങളുടെ പടയോട്ടം

Wasim Akram

20221227 035729
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലോകകപ്പ് ഇടവേളയും തങ്ങളെ തളർത്തില്ല എന്ന വ്യക്തമായ സൂചന നൽകി ബോക്സിങ് ഡേ മത്സരത്തിൽ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ 3-1 നു തകർത്തു ആഴ്‌സണൽ വിജയകുതിപ്പ്. പരിക്കേറ്റ ഗബ്രിയേൽ ജീസുസിന് പകരം എഡി എങ്കിതിയ മുന്നേറ്റത്തിൽ എത്തിയപ്പോൾ പ്രതിരോധത്തിൽ വില്യം സലിബ കളിക്കാൻ ഇറങ്ങി. ആദ്യ പകുതിയിൽ പന്ത് കൈവശം വക്കുന്നതിൽ മുന്നിട്ട് നിന്നെങ്കിലും പക്ഷെ വലിയ അവസരങ്ങൾ തുറക്കാൻ ആഴ്‌സണലിന് ആയില്ല. ഇടക്ക് സാക വല കുലുക്കിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിളിച്ചു. 27 മത്തെ മിനിറ്റിൽ സലിബ ജെറാർഡ് ബോവനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടി അനുവദിക്കപ്പെട്ടതോടെ ആഴ്‌സണൽ സമ്മർദ്ദത്തിൽ ആയി.

ആഴ്‌സണൽ

അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ബെൻഹറമ വെസ്റ്റ് ഹാമിനു മത്സരത്തിൽ അപ്രതീക്ഷിത മുൻതൂക്കം നൽകി. തുടർന്ന് ഗോൾ നേടാനുള്ള ശ്രമം ആഴ്‌സണൽ കൂടുതൽ ശക്തമാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷം ക്രസ്വലിന്റെ ഹാന്റ് ബോളിന് ആഴ്‌സണലിന് റഫറി പെനാൽട്ടി അനുവദിച്ചു എങ്കിലും വാർ പരിശോധനയിൽ പന്ത് തലയിൽ ആണ് കൊണ്ടത് എന്നു കണ്ടത്തിയതിനാൽ പെനാൽട്ടി പിൻ വലിച്ചു. എന്നാൽ രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചു ആണ് ആഴ്‌സണൽ ഇറങ്ങിയത്. 53 മത്തെ മിനിറ്റിൽ കളം നിറഞ്ഞു കളിച്ച ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ നിന്നു അനായാസം ഗോൾ കണ്ടത്തിയ ബുകയോ സാക ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു.

ആഴ്‌സണൽ

വെസ്റ്റ് ഹാം ഗോൾ നിരന്തരം പരീക്ഷിച്ച ആഴ്‌സണൽ 5 മിനിറ്റിനുള്ളിൽ രണ്ടാം ഗോളും കണ്ടത്തി. ഇത്തവണ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഉഗ്രൻ ഇടത് കാലൻ അടി ഫാബിയാൻസ്കിയെ മറികടക്കുക ആയിരുന്നു. തുടർന്ന് 69 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ടേണിലൂടെ വെസ്റ്റ് ഹാം താരത്തെ മറികടന്ന എഡി തന്റെ വിമർശകർക്ക് മറുപടി പറഞ്ഞു ഗോൾ നേടിയതോടെ ആഴ്‌സണൽ ജയം പൂർത്തിയായി. 2018 ൽ വിരമിച്ച ശേഷം ആദ്യമായി ആഴ്‌സണൽ സ്റ്റേഡിയത്തിൽ എത്തിയ ഇതിഹാസ പരിശീലകൻ ആഴ്‌സനെ വെങറെ സാക്ഷിയാക്കിയാണ് ആർട്ടെറ്റയുടെ ടീം തിരിച്ചു വന്നു ജയിച്ചത്. സീസണിൽ ലീഗിൽ സ്വന്തം മൈതാനത്തെ വിജയകുതിപ്പ് തുടർന്ന ആഴ്‌സണൽ നിലവിൽ രണ്ടാമതുള്ള ന്യൂകാസ്റ്റിലിനെക്കാൾ 7 പോയിന്റുകൾ മുന്നിൽ ഒന്നാം സ്ഥാനത്ത് ആണ്. അതേസമയം 16 മത് ആണ് തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയ വെസ്റ്റ് ഹാം.