ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി ആഴ്‌സണൽ. ഇന്ന് നടന്ന ലണ്ടൻ ഡാർബിയിൽ ചെൽസിയെ 3-1 നു തോൽപ്പിച്ച അവർ ലീഗിൽ ഒന്നാം സ്ഥാനത്തേക്കും തിരിച്ചെത്തി. ഫ്രാങ്ക് ലമ്പാർഡിന് കീഴിൽ തുടർച്ചയായ ആറാം പരാജയം ആയിരുന്നു 12 സ്ഥാനത്തുള്ള ചെൽസിക്ക് ഇത്. മത്സരം തുടങ്ങിയത് മുതൽ മൂന്നു മാറ്റങ്ങളും ആയി എത്തിയ ആഴ്‌സണൽ വലിയ ആധിപത്യം പുലർത്തിയ മത്സരത്തിൽ ചെൽസിയെ ആദ്യ പകുതിയിൽ ആഴ്‌സണൽ ഇല്ലാതാക്കുക ആയിരുന്നു.
മത്സരത്തിന്റെ 18 മത്തെ മിനിറ്റിൽ മനോഹരമായ നീക്കത്തിന് ഒടുവിൽ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു ഉഗ്രൻ അടിയിലൂടെ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആണ് ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് ആഴ്‌സണൽ പലപ്പോഴും ചെൽസി താരങ്ങളെ കുരങ്ങു കളിപ്പിക്കുക ആയിരുന്നു. 31 മത്തെ മിനിറ്റിൽ ഏതാണ്ട് ആദ്യ ഗോളിന് ആവർത്തനം എന്ന പോലെ ശാക്കയുടെ പാസിൽ നിന്നു ഒഡഗാർഡ് രണ്ടാം ഗോൾ നേടിയതോടെ ആഴ്‌സണൽ പൂർണ ആധിപത്യം ഉറപ്പിച്ചു. 3 മിനിറ്റിനുള്ളിൽ ചെൽസി പ്രതിരോധം പന്ത് ക്ലിയർ ചെയ്യാൻ മറന്നപ്പോൾ ഗോൾ കണ്ടത്തിയ ഗബ്രിയേൽ ജീസുസ് ആഴ്‌സണൽ ജയം ഉറപ്പിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ ഗബ്രിയേലിന്റെ ലൈനിൽ വച്ചു ക്ലിയർ ചെയ്തപ്പോൾ, സാകയുടെയും ശാക്കയുടെയും ഗോൾ എന്നുറച്ച ശ്രമങ്ങൾ കെപ രക്ഷിച്ചത് ചെൽസിപരാജയ ഭാരം കുറച്ചു. 65 മത്തെ മിനിറ്റിൽ കൊവാചിന്റെ പാസിൽ നിന്നു യുവതാരം നോനി മഡുകെ ആണ് ചെൽസിക്ക് ആശ്വാസ ഗോൾ നേടി നൽകിയത്. ആഴ്‌സണൽ കൂടുതൽ ഗോളുകൾക്ക് ജയിച്ചില്ല എന്നത് മാത്രമാണ് സീസണിൽ രണ്ടു കളിയും ആഴ്‌സണലിനോട് തോറ്റ ചെൽസിക്ക് ആശ്വസിക്കാനുള്ള ഏക വക. അതേസമയം മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 2 മത്സരങ്ങൾ അധികം കളിച്ച ആഴ്‌സണൽ നിലവിൽ ലീഗിൽ 2 പോയിന്റുകൾ മുന്നിലാണ്.