പ്രായശ്ചിത്തം ചെയ്തു ഗബ്രിയേൽ! മിട്രോവിച് വിറപ്പിച്ചു എങ്കിലും തുടർച്ചയായ നാലാം ജയവുമായി ആഴ്സണൽ

Wasim Akram

20220828 001634
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയവും ജയിച്ചു ആഴ്സണൽ. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ഫുൾഹാമിനെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആനി ആഴ്‌സണൽ തോൽപ്പിച്ചത്. ആഴ്സണൽ ആധിപത്യം ആണ് മത്സരത്തിൽ ആദ്യ പകുതിയിൽ കാണാൻ ആയത്. പലപ്പോഴും മനോഹരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം ആദ്യ പകുതിയിൽ ആഴ്‌സണലിന് നേടാനായില്ല. ഇടക്ക് ബുകയോ സാകയുടെ ഷോട്ട് മുൻ ആഴ്‌സണൽ താരം ലെനോ തടഞ്ഞു.

ആഴ്സണൽ

ആദ്യ പകുതിയിൽ എന്ന പോലെയാണ് ആഴ്‌സണൽ രണ്ടാം പകുതിയും തുടങ്ങിയത്. കൂടുതൽ ശക്തമായ വെല്ലുവിളി ഫുൾഹാം ഇടക്ക് ആഴ്‌സണലിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 56 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിൽ അപകടം ഒന്നും ഇല്ലാത്ത പന്ത് ഗബ്രിയേൽ കൈകാര്യം ചെയ്യുമ്പോൾ ശക്തമായി പ്രസ് ചെയ്ത മിട്രോവിച് പന്ത് തട്ടിയെടുത്ത് ആഴ്‌സണൽ വല കുലുക്കി. സീസണിൽ ലീഗിൽ താരം നേടുന്ന നാലാം ഗോളും ക്ലബിന് ആയുള്ള നൂറാം ഗോളും ആയിരുന്നു ഇത്. ആനമണ്ടത്തരം ആണ് ഗബ്രിയേൽ വരുത്തിയത്. ഗോൾ വഴങ്ങിയെങ്കിലും ആഴ്‌സണൽ വിട്ടു കൊടുക്കാൻ തയ്യാറായില്ല. 8 മിനിറ്റിനുള്ളിൽ ആഴ്‌സണൽ ഗോൾ തിരിച്ചടിച്ചു.

സാകയുടെ പാസിൽ നിന്നു ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന് ആയി സമനില ഗോൾ കണ്ടത്തുക ആയിരുന്നു. ഇടക്ക് മിട്രോവിച്ചിന്റെ ബുള്ളറ്റ് ഹെഡർ തട്ടിയകറ്റിയ റാംസ്ഡേൽ ആഴ്‌സണലിന്റെ രക്ഷകൻ ആയി. പകരക്കാരനായി ഇറങ്ങിയ എഡി എങ്കിതിയ നിരന്തരം ഫുൾഹാം പ്രതിരോധം വിറപ്പിച്ചു എങ്കിലും പലപ്പോഴും ലെനോ ആഴ്‌സണലിന് മുന്നിൽ വില്ലനായി. നിരന്തരം ആക്രമണം അഴിച്ചു വിട്ട ആഴ്‌സണൽ 85 മത്തെ മിനിറ്റിൽ വിജയഗോൾ നേടി. മാർട്ടിനെല്ലിയുടെ കോർണർ കൈകാര്യം ചെയ്യുന്നതിൽ ലെനോയിന് പിഴച്ചപ്പോൾ സാലിബയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗബ്രിയേൽ തന്റെ ആനമണ്ടത്തരത്തിന്‌ പ്രായശ്ചിത്തം ചെയ്തു ആഴ്‌സണലിന് വിജയഗോൾ സമ്മാനിച്ചു. തുടർന്നും ഫുൾഹാം പ്രശ്നങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്‌സണൽ ജയം പിടിച്ചെടുത്തു. 18 വർഷങ്ങൾക്ക് ശേഷമാണ് ലീഗിൽ ആദ്യ നാലു മത്സരങ്ങളും ആഴ്‌സണൽ ജയിക്കുന്നത്. നിലവിൽ ലീഗിൽ ഒന്നാമത് ആണ് ആഴ്‌സണൽ.