നോർത്ത് ലണ്ടൺ ഡാർബിയിൽ ആഴ്സണൽ അവരുടെ കരുത്ത് തെളിയിച്ചു. ചിര വൈരികളായ സ്പർസിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആഴ്സണൽ പരാജയപ്പെടുത്തി. സ്പർസിനെതിരെ ഉള്ള ആഴ്സണലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഈ വിജയം ആഴ്സണലിന്റെ ലീഗിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
ഇന്ന് മത്സരത്തിന്റെ തുടക്കം മുതൽ ആഴ്സണലിന്റെ യുവനിര എതിരാളികളുടെ മേൽ ആധിപത്യം പുലർത്തി. ഇരുപതാം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആണ് ആഴ്ണൽ ആദ്യം വല കുലുക്കിയത്. ബെൻ വൈറ്റ് നൽകിയ പാസ് ആദ്യ ടച്ചിലെ പവർഫുൾ സ്ട്രൈക്കിലൂടെ തോമസ് പാർടെ ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ഗോൾ വീണ ശേഷം സ്പർസ് ഒന്ന് ഉണർന്നു കളിച്ചു. അവർ ഒരു കൗണ്ടറിൽ ആഴ്സണൽ പ്രതിരോധത്തെ പ്രതിരോധത്തിൽ ആക്കി. ആ കൗണ്ടറിന് ഒടുവിൽ റിച്ചാർലിസണെ വീഴ്ത്തിയതിന് ഒരു പെനാൾട്ടി ലഭിച്ചു. ആ പെനാൾട്ടി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.
രണ്ടാം പകുതിയിൽ കാര്യങ്ങൾ ആഴ്സണൽ കൂടുതൽ അപകടകാരികൾ ആയി. 49ആം മിനുട്ടിൽ ഗബ്രിയേൽ ജീസുസ് സ്പർസ് ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ആഴ്സണലിനെ വീണ്ടും മുന്നിൽ എത്തിച്ചു. 62ആം മിനുട്ടിൽ എമേഴ്സൺ റോയൽ ചുവപ്പ് കണ്ട് പുറത്തായതോടെ സ്പർസിന്റെ പ്രതീക്ഷകൾ അവസാനിച്ചു.
റെഡ് കാർഡിനു പിന്നാലെ 67ആം മിനുട്ടിൽ ജാക്കയിലൂടെ മൂന്നാം ഗോൾ. ഈ ഗോൾ ആഴ്സണലിന്റെ ജയം ഉറപ്പിച്ചു.
ഒന്നാമതുള്ള ആഴ്സണലിന് 8 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണ് ഉള്ളത്. സ്പർസ് 17 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു