കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു മികച്ച മലയാളി ടാലന്റിനെ കൂടെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ഗോകുലം കേരള എഫ് സി താരമായ അർജുൻ ജയരാജിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യാൻ പോകുന്നത്. താരവും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ കരാർ ധാരണയായിട്ടുണ്ട്.. ട്രാൻസ്ഫർ തുകയിൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആയിരിക്കുകയാണ്.
ഗോകുലം കേരള എഫ് സിയിൽ ഒരു വർഷത്തെ കരാർ കൂടെ അർജുന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഗോകുലം കേരള എഫ് സിക്ക് ട്രാൻസ്ഫർ തുക നൽകി മാത്രമേ അർജുനെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 20 ലക്ഷത്തിനു മുകളിൽ ആണ് ട്രാൻസ്ഫർ തുക. ഈ തുകയിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഈ ആഴ്ച തന്നെ അർജുൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള അർജുൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയുടെ കരുത്ത് കൂട്ടും. ഇപ്പോൾ വളർന്നു വരുന്ന മലയാളി ഫുട്ബോൾ താരങ്ങളിൽ പ്രധാനി കൂടിയാണ് അർജുൻ. സഹൽ, രാഹുൽ കെ പി എന്നിവർക്ക് ഒപ്പം അർജുൻ കൂടെ എത്തുന്നതോടെ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് യുവതാരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തമാവുകയാണ്.