അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കില്ല

യുവ മലയാളി താരമായ അർജുൻ ജയരാജിനെ സ്വന്തമാക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് സൂചന. അർജുനുമായുള്ള കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ക്ലബ്. താരവും താരത്തിന്റെ ക്ലബായ ഗോകുലവുമായി കരാറിന്റെ കാര്യത്തിൽ ഒരു ധാരണയിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.

ട്രാൻസ്ഫർ തുകയുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയുമായുള്ള ധാരണയുണ്ടാക്കാൻ ആയില്ല.ഗോകുലം കേരള എഫ് സിയിൽ ഒരു വർഷത്തെ കരാർ കൂടെ അർജുന് ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഗോകുലം കേരള എഫ് സിക്ക് ട്രാൻസ്ഫർ തുക നൽകി മാത്രമേ അർജുനെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയുകയുള്ളൂ. 21 ലക്ഷമാണ് കേരള ബ്ലാസ്റ്റേഴ്സ് അർജുൻ ജയരാജിനായി വാഗ്ദാനം ചെയ്ത ട്രാൻസ്ഫർ തുക. ആ തുകയും രണ്ട് തവണകളായി മാത്രമേ നൽകാൻ കഴിയൂ എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. എന്നാൽ ഇത് ഗോകുലം അംഗീകരിച്ചിട്ടില്ല.

മധ്യനിര താരമായ അർജുൻ ജയരാജ് അവസാന രണ്ട് ഐലീഗ് സീസണുകളിലും ഗോകുലം കേരള എഫ് സിയുടെ പ്രധാന താരമായിരുന്നു. ഗോളുകൾ നേടാനും ഗോൾ അവസരം സൃഷ്ടിക്കാനും കഴിവുള്ള താരമാണ് അർജുൻ. ഇപ്പോൾ ചർച്ചകളിൽ തിരിച്ചടി നേരിട്ടു എങ്കിലും മഞ്ഞ ജേഴ്സിയിലേക്ക് താരത്തെ കൊണ്ടുവരാൻ ആകും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.

Previous articleശ്രീലങ്കയ്ക്കായി പന്ത്രണ്ടായിരം അന്താരാഷ്ട്ര റണ്‍സ് തികച്ച് ആഞ്ചലോ മാത്യൂസ്
Next articleമാൻസി ചെന്നൈ സിറ്റി വിടില്ല, 2022 വരെ കരാർ