രക്ഷകനായി മാർട്ടിനസ്, കൊളംബിയയെ തോൽപ്പിച്ച് അർജന്റീന ഫൈനലിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ കീപ്പർ എമിലാനോ മാർട്ടിനസ് അർജന്റീനയുടെ രക്ഷക്കെത്തിയപ്പോൾ കൊളംബിയയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോല്പിച്ച് അർജന്റീന കോപ്പ അമേരിക്ക ഫൈനൽ ഉറപ്പിച്ചു. പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ മൂന്ന് പെനാൽറ്റി കിക്കുകൾ തടഞ്ഞ ഗോൾ കീപ്പർ എമിലാനോ മാർട്ടിനസ് ആണ് അർജന്റീനയുടെ ഹീറോആയത്. നിശ്ചിത സമയത്തും മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്. ഫൈനലിൽ കഴിഞ്ഞ തവണത്തെ ജേതാക്കളായ ബ്രസീൽ ആണ് അർജന്റീനയുടെ എതിരാളികൾ.

ഡാവിൻസൻ സാഞ്ചസ്, യെറി മിന, എഡ്‌വിൻ കാർഡോണാ എന്നിവരുടെ പെനാൽറ്റി കിക്കുകൾ അർജന്റീന ഗോൾ കീപ്പർ മാർട്ടിനസ് രക്ഷപ്പെടുത്തുകയായിരുന്നു. അർജന്റീനക്ക് വേണ്ടി മെസ്സി, പരദെസ്, ലൗറ്റാറോ മാർട്ടിനസ്, എന്നിവർ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഡി പോളിന്റെ പെനാൽറ്റി പുറത്തുപോവുകയായിരുന്നു. കൊളംബിയക്ക് വേണ്ടി ക്വഡാർഡോ, മിഗെൽ ബോർഹ എന്നിവർക്ക് മാത്രമാണ് പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാനായത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സിയുടെ പാസിൽ നിന്ന് ലൗറ്റാറോ മാർട്ടിനസിലൂടെ അർജന്റീന മുൻപിലെത്തി. എന്നാൽ ഒരു ഗോളിന് മുൻപിൽ എത്തിയതിന് ശേഷം മത്സരം നിയന്ത്രിക്കാൻ അർജന്റീനക്കായില്ല. കൊളംബിയ പരുക്കൻ കളി പുറത്തെടുത്തതോടെ അർജന്റീനക്ക് മത്സരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടെ രണ്ട് തവണ കൊളംബിയയുടെ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.

തുടർന്ന് രണ്ടാം പകുതിയിലാണ് കൊളംബിയ സമനില ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലൂയിസ് ഡിയാസ് ആണ് കൊളംബിയയുടെ സമനില ഗോൾ നേടിയത്. തുടർന്ന് ഡി മരിയയെ ഇറക്കി അർജന്റീന വിജയ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും മാർട്ടിനസിന് ലഭിച്ച സുവർണ്ണാവസരം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവസാന മിനിറ്റുകളിൽ മെസ്സിയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു.