ലോകകപ്പിന് മുമ്പുള്ള അവസാന സൗഹൃദ മത്സരത്തിൽ വമ്പൻ ജയം കുറിച്ച് അർജന്റീന. അബുദാബിയിൽ മെസ്സിയെയും സംഘത്തെയും കാണാൻ എത്തിയ മലയാളികൾ അടക്കമുള്ള വലിയ ആരാധകർക്ക് മുന്നിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് അർജന്റീന തോൽപ്പിച്ചത്. അർജന്റീനയുടെ വമ്പൻ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് യു.എ.ഇയുടെ ഒരു ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ അർജന്റീനക്ക് വലിയ ബുദ്ധിമുട്ട് ഒന്നും നേരിട്ടില്ല. വളരെ ശക്തമായ നിരയും ആയാണ് അർജന്റീന കളിക്കാൻ ഇറങ്ങിയത്.
മത്സരത്തിൽ 17 മത്തെ മിനിറ്റിൽ തന്നെ അർജന്റീന മത്സരത്തിൽ മുന്നിലെത്തി. ഡി മരിയ നൽകിയ പന്തിൽ സ്വയം ഗോൾ അടിക്കാനുള്ള അവസരം ഉണ്ടായിട്ടും മെസ്സി പക്ഷെ ജൂലിയൻ അൽവാരസിന് അത് മറിച്ചു നൽകി. അനായാസം ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റി താരം അർജന്റീനക്ക് മുൻതൂക്കം സമ്മാനിച്ചു. 25 മത്തെ മിനിറ്റിൽ ഡി മരിയ മാജിക് ആണ് കാണാൻ ആയത്. മാർകോസ് അക്യുനയുടെ പാസിൽ നിന്നു ഉഗ്രൻ വോളിയിലൂടെ ഡി മരിയ അർജന്റീനക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 36 മത്തെ മിനിറ്റിൽ ഡി മരിയ തന്റെ രണ്ടാം ഗോളും മത്സരത്തിൽ കണ്ടത്തി. അലക്സിസ് മക് അലിസ്റ്ററിന്റെ പാസിൽ നിന്നു രണ്ടു പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പറെയും ഡ്രിബിൾ ചെയ്തു ഡി മരിയ നേടിയ ഈ ഗോളും ക്ലാസ് ആയിരുന്നു.
ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുമ്പ് ലയണൽ മെസ്സി അർജന്റീനക്ക് നാലാം ഗോൾ നേടി നൽകി. ഡി മരിയയുടെ പാസിൽ നിന്നു എതിർ പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്തു കയറിയ മെസ്സി വലത് കാലൻ അടിയിലൂടെ തന്റെ ഗോൾ കണ്ടത്തി. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ ഡി പോളിന്റെ മികച്ച പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ജോക്വിൻ കൊറയ അർജന്റീനയുടെ ജയം പൂർത്തിയാക്കുക ആയിരുന്നു. തുടർന്ന് അവസരങ്ങൾ കണ്ടത്തിയെങ്കിലും അർജന്റീന കൂടുതൽ ഗോളുകൾ നേടിയിട്ടില്ല. 22 നു ഖത്തറിൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ നേരിടുന്ന അർജന്റീനക്ക് ഈ ജയം ആത്മവിശ്വാസം പകരും എന്നുറപ്പാണ്. പരാജയം അറിയാതെയുള്ള അർജന്റീനയുടെ 36 മത്തെ മത്സരം ആണ് ഇത്.