ഇറാഖിനെതിരായ സൗഹൃദ മത്സരത്തിൽ പ്രമുഖരില്ലാതെ ഇറങ്ങിയ അർജന്റീനക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. പ്രമുഖ താരങ്ങൾ ഒന്നും ഇല്ലാതെയാണ് അർജന്റീന ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. മെസ്സി, അഗ്വേറൊ, ഡി മരിയ, ഹിഗ്വയ്ൻ തുടങ്ങിയവർ ഒന്നും അർജന്റീന നിരയിൽ ഉണ്ടായിരുന്നില്ല.
മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന മത്സരത്തിൽ ജയിച്ചത്. എന്നാൽ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം പടുത്തുയർത്തിയ ഇറാഖ് അർജന്റീനക്ക് ശ്കതമായ വെല്ലുവിളി ഉയർത്തി. ലൗട്രോ മാർട്ടിനസിന്റെ ഗോളിൽ ആണ് അർജന്റീന മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. മികച്ചൊരു ഹെഡറിലൂടെയാണ് മാർട്ടിനസ് തന്റെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരത്തിൽ ഒരു ഗോളിന് മുൻപിലായിരുന്നു.
തുടർന്ന് രണ്ടാം പകുതിയിലാണ് അർജന്റീന ബാക്കിയുള്ള ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വാട്ഫോർഡ് താരം റോബർട്ടോ പെരേരയാണ് ദിബാലയുടെ പാസിൽ നിന്ന് അർജന്റീനയുടെ രണ്ടാമത്തെ ഗോൾ നേടിയത്. മത്സരത്തിൽ ഗോൾ നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്നത്തെ മത്സരത്തിൽ ദിബാല പുറത്തെടുത്തത്. തുടർന്ന് മത്‌സരം അവസാന 10 മിനുറ്റിൽ എത്തിയപ്പോഴാണ് സാൽവിയോയുടെ പാസിൽ നിന്ന് പെസെല്ല അർജന്റീനയുടെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ മികച്ചൊരു സോളോ ഗോളിലൂടെ ഫ്രാങ്കോ സെർവി അർജന്റീനയുടെ നാലാമത്തെ ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി.
അടുത്ത ചൊവ്വാഴ്ച ബ്രസീലിനെതിരെയാണ് അർജന്റീനയുടെ അടുത്ത സഹൃദ മത്സരം.