ഇന്ത്യൻ വനിതാ ലീഗ് യോഗ്യത റൗണ്ട് വിജയിച്ച് അഹമ്മദാബാദ് റാക്കറ്റ് ഇന്ത്യൻ വനിതാ ലീഗിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യങ് വെൽഫെയർ ക്ലബിനെ തോൽപ്പിച്ചതോടെയാണ് അഹമ്മദാബാദ് റാക്കറ്റ് വനിതാ ലീഗിനുള്ള യോഗ്യത ഉറപ്പിച്ചത്. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് അഹമ്മദാബാദ് വിജയിച്ചത്. 87ആം മിനുട്ടിലാണ് ഇന്ന് അഹമ്മദാബാദ് വിജയ ഗോൾ നേടിയത്.
തുടക്കത്തിൽ ശ്രേയ ഒസയുടെ ഇരട്ട ഗോളുകളിൽ 16 മിനുട്ടിനകം അഹമ്മദാബാദ് 2 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 27ആം മിനുട്ടിൽ റിനരോയ് ദേവിയും 53ആം മിജുട്ടിൽ ഹൊയിനിഹറ്റും വല കുലുക്കിയതോടെ യങ് വെൽഫെയർ കളി 2-2 എന്നാക്കി. 68ആം മിനുട്ടിൽ അഞ്ജുവിലൂടെ വീണ്ടു അഹമ്മദാബാദ് റാക്കറ്റ് മുന്നിൽ. വീണ്ടും വെൽഫെയറിന്റെ തിരിച്ചടി. 77ആം മിനുട്ടിൽ റെമിയിലൂടെ കളി 3-3 എന്നായി. പിന്നെ അവസാനം 87ആം മിനുട്ടിൽ കിരൺ നേടിയ ഗോൾ അഹമ്മദാബാദിന് വിജയം നൽകി.
3 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായാണ് യോഗ്യത പോരാട്ടങ്ങളിൽ അഹമ്മദാബാദ് ഒന്നാമത് എത്തിയത്. 6 പോയിന്റുമായി വെൽഫെയർ രണ്ടാമത് ഫിനിഷ് ചെയ്തു. ഒന്നാമത് എത്തുന്ന ടീം മാത്രമാണ് ഫൈനൽ റൗണ്ടിന് യോഗ്യത നേടുക.