ഇന്ത്യൻ ഫുട്ബോൾ ക്ലബുകൾ അടച്ചുപൂട്ടുന്നത് ഇതാദ്യ സംഭവമല്ല. ഇന്ത്യൻ ഫുട്ബോളിന്റെ രക്തവും ഊർജ്ജവുമായിരുന്ന എത്ര എത്ര ക്ലബുകൾ അവസാന രണ്ട് ദശകങ്ങൾക്ക് ഇടെ ദേശീയ ഫുട്ബോളിൽ നിന്ന് അപ്രത്യക്ഷമായി. ഇതൊക്കെ ഫുട്ബോളിന്റെ നടത്തിപ്പിലെ പിടിപ്പു കേടു കൊണ്ടാണെന്നും അതിനൊക്കെ പരിഹാരമായാണ് ഐ എസ് എൽ വരുന്നത് എന്നും വിധി എഴുതിയിരുന്ന ഫുട്ബോൾ ലോകത്തെ പുതിയ സ്വരങ്ങളെ ആണ് ഇപ്പോൾ സ്മരിക്കേണ്ടത്. അവരുടെ പുതിയ പദ്ധതികളും പരാജയപ്പെടുകയാണ് എന്ന സൂചനകൾ ആണ് പൂനെ സിറ്റിയുടെ ഉദിക്കും മുന്നേയുള്ള അസ്തമയം.
ഐ എസ് എൽ ചരിത്രത്തിൽ അടച്ചു പൂട്ടുന്ന ആദ്യ ക്ലബാണ് പൂനെ സിറ്റി. ഐ ലീഗുകാർക്ക് മഹീന്ദ്ര യുണൈറ്റഡ്, വിവാ കേരള, മുംബൈ എഫ് സി, പൂനെ എഫ് സി, ഡി എസ് കെ ശിവജിയൻസ് തുടങ്ങി അനേകമനേകം ക്ലബുകളെ അറിയാം. അഞ്ചു സീസൺ മാത്രം പ്രായമുള്ള ക്ലബിന്റെ കടം 150 കോടിക്ക് മുകളിൽ ആയിരുന്നെന്നത് ഐ എസ് എലിന്റെ നടത്തിപ്പിലെ പരാജയങ്ങൾ കൂടിയാണ് കാണിക്കുന്നത്.
ഫ്രാഞ്ചൈസി സ്വന്തമാക്കാനായി വൻ പണം നൽകേണ്ടി വരുന്ന ക്ലബുകൾക്ക് റിലഗേഷം ഉണ്ടാവില്ല എന്ന് ഉറപ്പു കൊടുത്തപ്പോൾ റിലഗേഷൻ ഇല്ലാതെയും ക്ലബുകൾ ലീഗിന് പുറത്തേക്ക് പോകും എന്ന് ഇന്ത്യൻ ഫുട്ബോളിന്റെ മാപ്പു വരക്കുന്നവർക്ക് മനസ്സിലായി കാണില്ല. എന്നും ശരാശരിക്ക് മുകളിൽ പ്രകടനം നടത്താൻ കഴിഞ്ഞിട്ടും ഇതാണ് പൂനെ സിറ്റിയുടെ വിധി.
ഒരിക്കൽ ഇന്ത്യൻ ഫുട്ബോളിനെ പ്രൊഫഷണൽ ക്ലബാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഐ ലീഗ് ക്ലബ് പൂനെ എഫ് സി അവസാനം അവരുടെ അക്കാദമി പൂനെ സിറ്റിയെ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ പൂനെ സിറ്റി അവസാനിക്കുമ്പോൾ ആ അക്കാദമി കൂടെ അവതാളത്തിൽ ആവുകയാണ്. അനസിനെയും ആഷിഖിനെയും ഗനിയെയും വളർത്തിയ അക്കാദമി ആയിരുന്നു അത്.
ഇയാൻ ഹ്യൂം, ആഷിഖ് കുരുണിയൻ എന്നിവർ ഈ കഴിഞ്ഞ വർഷം ശമ്പളം കിട്ടാൻ പരാതികളുമായി എ ഐ എഫ് എഫിന്റെ വാതിൽക്കൽ ചെല്ലേണ്ട അവസ്ഥ ആയിരുന്നു. ഇത്രയും പ്രതിസന്ധിയിൽ ഉള്ള ക്ലബിനെ രക്ഷിക്കാൻ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിന് പകരം ആ ക്ലബിനെ മണ്ണിലേക്ക് അടക്കം ചെയ്ത് പുതിയ ക്ലബിനെ രംഗത്ത് ഇറക്കി ഐ എസ് എൽ ഒരു സിറ്റിയിലേക്ക് കൂടെ വളരുന്നു എന്ന് അഭിമാനത്തോടെ ഒരു മടിയുമില്ലാതെ പറയുകാണ് ഐ എം ജിയും ഇന്ത്യൻ ഫുട്ബോളിന്റെ ഗോഡ്ഫാദേശ്സും.
പൂനെ സിറ്റി മാത്രമല്ല പ്രതിസന്ധിയിൽ ഉള്ളത് എന്നോർക്കുക. ഡെൽഹി സമാന ഗതിയിലാണ്. അവർ പേരു മാറ്റി ഒഡീഷയിലേക്ക് പോവുകയാണ്. ആ ക്ലബും ഇല്ലാതാവുമെന്ന് തന്നെ ആണ് വിലയിരുത്തപ്പെടുന്നത്. നോർത്ത് ഈസ്റ്റ് അവസാന മൂന്ന് സീസണുകളികും സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണ്. ക്ലബ് വിൽക്കാൻ ഉടമകൾ ശ്രമിക്കുകയും ചെയ്തു. നമ്മുടെ കേരള ബ്ലാസ്റ്റേഴ്സും നൂറു കോടിയിലധികം കടത്തിലാണ് എന്നതോർക്കുക.
അടഞ്ഞ ലീഗുകൾ മാറ്റി, ലീഗിനെ ജനകീയമാക്കി, ക്ലബുകളെ ഒരു ദേശത്തിന്റെ വികാരമാക്കി വളർത്താൻ ശ്രമിക്കാതെ, പണമില്ലാത്ത ഫുട്ബോൾ സ്നേഹികളെയും ക്ലബുകളെയും ഒക്കെ രണ്ടാം തരമാക്കിയും, വിലക്കിയും മണ്ണിട്ട് മൂടിയും ഇനിയും മുന്നോട്ട് പോകാൻ ആവില്ല.