മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഞ്ചു ഗോളുകൾക്ക് തകർത്തത് പോലെ എളുപ്പമായില്ല ഇന്ന് ക്ലോപ്പിനും ലിവർപൂളിനും കാര്യങ്ങൾ. ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ ഇന്ന് ആൻഫീൽഡിൽ വന്ന് ഗംഭീര പ്രകടനവും നടത്തി ഒരു പോയിന്റുമായി തിരികെ പോയി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയിൽ ലിവർപൂൾ ആദ്യം 2-0ന് മുന്നിൽ ആയിരുന്നു.
ഇന്ന് മത്സരം തുടങ്ങുയതു മുതൽ എൻഡു ടു എൻഡ് അറ്റാക്ക് ആണ് കാണാൻ കഴിഞ്ഞത്. ലിവർപൂൾ അവരുടെ അവസരങ്ങൾ മുതലെടുത്തപ്പോൾ ബ്രൈറ്റണ് അതായില്ല. ആദ്യ 24 മിനുട്ടിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ. ആദ്യം മൂന്നാം മിനുട്ടിൽ ക്യാപ്റ്റൻ ഹെൻഡേഴ്സന്റെ സ്ട്രൈക്ക്. പിന്നെ 24ആം മിനുട്ടിൽ മാനെയുടെ ഫിനിഷും. രണ്ട് ഗോളുകൾ. മറുവശത്ത് ബ്രൈറ്റൺ മൂന്ന് നല്ല അവസരങ്ങൾ ഉണ്ടാക്കി. അലിസൺ രണ്ടെണ്ണം സേവ് ചെയ്തപ്പോൾ ഒന്ന് പോസ്റ്റിൽ തട്ടിയും മടങ്ങി.
34ആം മിനുട്ടിൽ മാനെ ഒരിക്കൽ കൂടെ വല കുലുക്കി എങ്കിലും പന്ത് കയ്യിൽ തട്ടിയതിനാൽ വാർ ആ ഗോൾ നിഷേധിച്ചു. ബ്രൈറ്റന്റെ നല്ല ഫുട്ബോളിന് 41ആം മിനുട്ടിൽ ഫലം ലഭിച്ചു. ഒരു മനോഹര ലോങ് റേഞ്ചറിൽ എംവെപു ലിവർപൂൾ വലയിൽ ഒരു ഗോൾ എത്തിച്ചു. ഹാഫ് ടൈമിൽ സ്കോർ 2-1.
രണ്ടാം പകുതി ഗംഭീരമായി തുടങ്ങിയ ബ്രൈറ്റൺ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു. 65ആം മിനുട്ടിൽ ആരും ഇഷ്ടപ്പെട്ടു പോകുന്ന. ഒരു മനോഹര നീക്കത്തിനു ഒടുവിൽ ട്രൊസാർഡ് ബ്രൈറ്റണ് സമനില നൽകി. സ്കോർ 2-2. ഇതിനു ശേഷം ഒരിക്കൽ കൂടെ ബ്രൈറ്റൺ വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
ഈ സമനില ലിവർപൂളിനെ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിർത്തുന്നു. ബ്രൈറ്റൺ 16 പോയിന്റുമായി ആറാം സ്ഥാനത്താണ്.