ലോകകപ്പ് പലപ്പോഴും വളരെ അവിശ്വസനീയവും മനോഹരവും ആയ കഥകൾ കൂടി നിറഞ്ഞത് ആണ്. അതിൽ ഏറ്റവും മനോഹരമായ ഒരു കഥ തന്നെയാവും ഹോളണ്ട് ടീമിന് ആയി സെനഗലിന് എതിരായ മത്സരത്തിൽ ഗോൾ വല കാത്ത ആന്ദ്രിസ് നോപ്പർട്ടിന്റെ കഥ. എന്നും പകരക്കാരുടെ ബെഞ്ചിൽ ഇരിക്കേണ്ടി വന്ന, ഒരിക്കൽ പോലും ദേശീയ ടീമിന്റെ അരികിൽ പോലും വരും എന്ന് പ്രതീക്ഷിക്കാത്ത, 2020 തിൽ ഫുട്‌ബോൾ നിർത്തി പോലീസുകാരൻ ആയി കുടുംബം പോറ്റാൻ അവർ ആവശ്യപ്പെട്ട നോപ്പർട്ട് ഇന്ന് പക്ഷെ സെനഗലിന് എതിരായ അരങ്ങേറ്റത്തോടെ അതും മികച്ച രക്ഷപ്പെടുത്തലുകൾ നടത്തിയ മികച്ച അരങ്ങേറ്റത്തോടെ പറയുന്നത് സ്വപ്നം കണ്ടാൽ കഠിനമായി പരിശ്രമിച്ചാൽ അത് യാഥാർത്ഥ്യം ആവും എന്നു തന്നെയാണ്.
1994 ൽ ഹോളണ്ടിലെ ഹീറൻവീനിൽ ജനിച്ച നോപ്പർട്ട് കരിയർ തുടങ്ങിയത് ഹീറൻവീൻ ക്ലബിന് വേണ്ടിയാണ് എന്നാൽ 2014 ൽ ക്ലബ് വിടുമ്പോൾ അവർക്ക് ആയി ഒരു മത്സരത്തിൽ പോലും ഇറങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2.03 മീറ്റർ ഉയരമുള്ള ഭീമാകാരൻ ആയ നോപ്പർട്ട് 2014 മുതൽ 2018 വരെ ബ്രഡ എന്ന ഡച്ച് ക്ലബിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് കരിയർ ചിലവഴിച്ചത്. നാലു കൊല്ലത്തിന് ഇടയിൽ അവർക്ക് ആയി വെറും ആറു ലീഗ് മത്സരങ്ങളിൽ ആണ് പക്ഷെ അദ്ദേഹം കളിച്ചത്. തുടർന്ന് കളിക്കാൻ അവസരങ്ങൾ തേടിയ നോപ്പർട്ട് 2018 ൽ ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ആയ സീരി ബി ടീം ഫോജിയയിൽ ചേർന്നു. എന്നാൽ ആ സീസണിന്റെ അവസാനം ക്ലബ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടപ്പോൾ താരം വീണ്ടും ഹോളണ്ടിലേക്ക് മടങ്ങി.
തുടർന്ന് നോപ്പർട്ട് ഡച്ച് രണ്ടാം ഡിവിഷൻ ക്ലബ് ആയ എഫ്.സി ഡോർഡ്രചിൽ ചേരുക ആയിരുന്നു. എന്നാൽ ഇടക്ക് വച്ചു അവർ പരിക്ക് കാരണം അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. ഈ സമയത്ത് ആണ് ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചു കൂടുതൽ സ്ഥിരതയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ജോലി സ്വീകരിക്കാൻ ഭാര്യ അടക്കം പലരും താരത്തെ ഉപദേശിക്കുന്നത്. 2020 ജൂൺ മുതൽ 2021 ജൂലൈ വരെ ഒരു ക്ലബ് ഇല്ലാതെ ആണ് നോപ്പർട്ട് ചിലവഴിച്ചത്. കുടുംബം അതിനാൽ തന്നെ സ്വപ്നം ഉപേക്ഷിക്കാൻ താരത്തോട് ആവശ്യപ്പെട്ടതിൽ ഒരു അതിശയവും ഇല്ല. എന്നാൽ തന്റെ സ്വപ്നം അവസാനിപ്പിക്കാൻ നോപ്പർട്ട് തയ്യാറായിരുന്നില്ല.
തുടർന്ന് പുതുതായി ഡച്ച് ആദ്യ ഡിവിഷനിൽ എത്തിയ ക്ലബ് ‘ഗോ അഹഡ് ഈഗിൾസിന്’ ഒരു ഗോൾ കീപ്പർ അത്യാവശ്യം ആയതോടെ താരത്തിന് ജനുവരിയിൽ അവിടെ അവസരം ലഭിച്ചു. തുടർന്ന് സാവധാനത്തിലുള്ള തുടക്കത്തിന് ശേഷം ഗോളിന് മുന്നിൽ നോപ്പർട്ടിന്റെ പ്രകടനം ക്ലബിനെ തരം താഴ്ത്തലിൽ നിന്നു രക്ഷിച്ചു. തങ്ങളുടെ പഴയ ഗോൾ കീപ്പറുടെ പ്രകടനം കണ്ടു ഇഷ്ടപ്പെട്ട ഹീറൻവീൻ തുടർന്ന് താരത്തെ തിരികെ ടീമിൽ എത്തിക്കുക ആയിരുന്നു. തുടർന്ന് ഇത് വരെ ഡച്ച് ലീഗിൽ നടത്തിയ മികച്ച പ്രകടനം നോപ്പർട്ടിന് ലൂയി വാൻ ഹാലിന്റെ ഡച്ച് ടീമിൽ ഇടം നൽകി. അന്ന് അരങ്ങേറ്റം ലഭിച്ചില്ല എങ്കിലും ലോകകപ്പ് ടീമിൽ താരത്തെ വാൻ ഹാൽ ഉൾപ്പെടുത്തുക ആയിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും ഉയരമുള്ള താരവും നോപ്പർട്ട് ആണ്.
അനുഭവസമ്പന്നനായ റംകൊ പെസ്വീറിനെ ബെഞ്ചിൽ ഇരുത്തി സെനഗലിന് എതിരെ നോപ്പർട്ടിനു ദേശീയ ടീമിലേക്ക് അതും ലോകകപ്പ് പോലുള്ള വലിയ വേദിയിൽ അരങ്ങേറ്റം നൽകിയത് പലരെയും ഞെട്ടിച്ചു. അതും കരിയറിൽ ഇത് വരെ ആദ്യ ഗോൾ കീപ്പർ ആവാത്ത, വെറും 51 മത്സരങ്ങളുടെ പരിചയം ഉള്ള, അതിൽ 34 എണ്ണവും ഈ വർഷം മാത്രം കളിച്ച നോപ്പർട്ടിന്റെ തിരഞ്ഞെടുപ്പിൽ സംശയം ഉണ്ടായില്ലെങ്കിലെ അതിശയം ഉള്ളൂ. എന്നാൽ തന്റെ സ്വപ്നം അവസാനിക്കാൻ അനുവദിക്കാത്ത ആ കൃത്യതയോടെ നോപ്പർട്ട് തന്റെ ഡച്ച് ടീമിലെസ് ലോകകപ്പിലെ അരങ്ങേറ്റം ഗംഭീരമാക്കി. ഗോൾ വഴങ്ങാത്ത താരം ഇടക്ക് നല്ല രക്ഷപ്പെടുത്തലുകളും നടത്തി. ഒരു കെട്ട് കഥ പോലെ വിചിത്രവും അതേസമയം സ്വപ്നം കാണുന്ന അതിനായി പരിശ്രമിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്നതും ആയ കഥ തന്നെയാണ് നോപ്പർറ്റിന്റേത് എന്നതിൽ സംശയം ഒന്നുമില്ല.