സാമൂഹിക മാധ്യമങ്ങളിൽ ഒരു വലിയ കുറിപ്പോടെ ആണ് ഇന്ന് അനസ് എടത്തൊടിക തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 31കാരൻ മാത്രമായ അനസിന്റെ വിരമിക്കൽ തീരുമാനം യുവതലമുറയ്ക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. താൻ മാറി നിന്നാൽ യുവതലമുറയ്ക്ക് അവിടേക്ക് വളരാൻ സാധിക്കും എന്നും അനസ് പറഞ്ഞു.
നിരന്തരം അലട്ടിയ പരിക്കാണ് അനസിനെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാൻ പ്രേരിപ്പിച്ചത്. അവസാന രണ്ട് സീസണുകളിൽ പരിക്ക് കാരണം അനസ് കുറേയേറെ കഷ്ടപ്പെട്ടിരുന്നു. ക്ലബ് ഫുട്ബോളിൽ മാത്രം കളിച്ച് കൂടുതൽ കാലം ഫുട്ബോൾ കളിക്കാനാകും അനസിന്റെ ശ്രമം. വൈകിയാണ് രാജ്യാന്തര ഫുട്ബോളിൽ അനസ് എത്തിയത് എങ്കിലും നിർണായക ഘട്ടമായിരുന്നു അത്.
അനസിന്റെ സാന്നിദ്ധ്യം ഇന്ത്യക്ക് ഏറെ കലാത്തിന് ശേഷം മികച്ചൊരു സെന്റർ ബാക്ക് കൂട്ടുകെട്ടും നൽകിയിരുന്നു. തന്റെ സെന്റർബാക്ക് പാട്ണറായിരുന്നു ജിങ്കനും ഒപ്പം തന്റെ റൂം മേറ്റ് ആയിരുന്ന ജെജെയ്ക്കും അനസ് തന്റെ വിടവാങ്ങൽ കുറിപ്പിൽ പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ജേഴ്സി എന്നത് വലിയ സ്വപ്നമായിരുന്നു എന്നും അനസ് കുറിച്ചു.