മത്സരത്തിന്റെ അവസാന അര മണിക്കൂറോളം 10 പേരായി കളിക്കേണ്ടി വന്നിട്ടും നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് ജൈത്ര യാത്ര. ആൽവാരോ വാസ്കസിന്റെ അത്ഭുത ഗോളും ഡിയസിന്റെ ഒരു ഗോളും ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം നൽകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ ഇന്ന് സൃഷ്ടിക്കാൻ ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങൾ നടത്തി എങ്കിലും ഫൈനൽ പാസ് പിറക്കാത്തത് വിനയായി. 41ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ ഗോൾ ബാറിൽ തട്ടിയാണ് പുറത്ത് പോയത്.
നോർത്ത് ഈസ്റ്റിനും അവരസങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് തന്നെ ആയിരുന്നു പ്രശ്നം. അവരും നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഒരു തുറന്ന അവസരം സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു. വാസ്കസിലൂടെ രണ്ട് തവണ കേരള ബ്ലാസ്റ്റേഴ്സ് ഗോളിന് അടുത്ത് എത്തി. ഒരു ലൂണ ഹെഡറും ഗോളിന് അടുത്തു കൂടെ പോയി.
62ആം മിനുട്ടിൽ പെരേര ഡിയസിലൂടെ കേരള ബ്ലാസ്റ്റേഴ്സ് അവസാനം ലീഡ് എടുത്തു. ഇടതു വിങ്ങിൽ നിന്ന് നിഷു കുമാർ നൽകിയ ക്രോസ് പെനാൾട്ടി ബോക്സിൽ എത്തിയ ഖാബ്രയെ കണ്ടെത്തി. ഖാബ്രയുടെ ഗോൾ മുഖത്തേക്കുള്ള ഹെഡർ മറ്റൊരു ഹെഡറിലൂടെ ഡിയസ് പന്ത് വലയിൽ എത്തിച്ചു. ഡിയസിന്റെ സീസണിലെ നാലാം ഗോൾ ആണിത്.
കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് പോകുന്നതിന് ഇടയിൽ 70ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ആയുഷ് രണ്ടാം മഞ്ഞ കാർഡ് കിട്ടി പുറത്ത് പോയി. ഒരു മഞ്ഞ കാർഡ് അർഹിക്കാത്ത ഫൗളിനാണ് ആയുഷ് രണ്ടാം മഞ്ഞ കാർഡ് കണ്ടത്.
10 പേരായി ചുരുങ്ങി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പൊരുതി. 82ആം മിനുട്ടിൽ ആണ് വാസ്കസിന്റെ അത്ഭുത ഗോൾ വന്നത്. സ്വന്തം ഹാഫിൽ നിന്ന് വാസ്കസ് തൊടുത്ത ഷോട്ട് വലയിലേക്ക് വീണപ്പോൾ ഏവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ച് കാണും. ആരെയും ഞെട്ടിക്കുന്നത് ആയിരുന്നു ആ ഗോൾ. ഈ ഗോളോടെ വിജയം ഉറപ്പായി.
അവസാന നിമിഷം ഇർഷാദിന്റെ ഗോളിൽ നോർത്ത് ഈസ്റ്റ് ആശ്വാസം കണ്ടെത്തി എങ്കിലും പരാജയം ഒഴിവായില്ല.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 23 പോയിന്റുമായി ലീഗിൽ രണ്ടാമത് എത്തി. ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. നോർത്ത് ഈസ്റ്റ് ലീഗിൽ അവസാന സ്ഥാനത്താണ് ഉള്ളത്.