പരമ്പര നേരത്തെ നഷ്ടപ്പെട്ടുവെങ്കിലും അവസാന രണ്ട് ഏകദിനങ്ങളിലും വിജയത്തോടെ ആത്മാഭിമാനം തിരിച്ച് നേടി ശ്രീലങ്ക. നാലാം ഏകദിന തലനാരിഴയ്ക്ക് രക്ഷപ്പെടുത്തിയപ്പോള്‍ അഞ്ചാം ഏകദിനത്തില്‍ ആധികാരിക ജയമാണ് ലങ്ക സ്വന്തമാക്കിയത്. 178 റണ്‍സിന്റെ ജയത്തോടെ പരമ്പര അവസാനിപ്പിക്കുവാന്‍ സാധിച്ച ടീമിനു ഈ ആത്മവിശ്വാസവുമായി ടി20 പരമ്പരയെ സമീപ്പിക്കുവാനാകും. ആദ്യം ബാറ്റ് ചെയ്ത ലങ്ക 299 റണ്‍സ് നേടിയപ്പോള്‍ സന്ദര്‍ശകര്‍ 121 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അകില ധനന്‍ജയയുടെ ആറ് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയെ വട്ടം കറക്കിയത്. അകില തന്നെയാണ് കളിയിലെ താരവും.
9 ഓവറില്‍ നിന്ന് 29 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റ് നേടി അകിലയ്ക്ക് കൂട്ടായി ലഹിരു കുമര രണ്ടും സുരംഗ ലക്മല്‍ ധനന്‍ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 24.4 ഓവര്‍ മാത്രമാണ് ക്രീസില്‍ നിലയുറപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായത്. 54 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്ക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. എയ്ഡന്‍ മാര്‍ക്രം 20 റണ്‍സ് നേടി പുറത്തായി.
ആഞ്ചലോ മാത്യൂസിന്റെ 97 റണ്‍സ് പ്രകടനമാണ് ലങ്കയെ 8 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സിലേക്ക് നയിച്ചത്. പുറത്താകാതെ നിന്ന മാത്യൂസിനു പിന്തുണയായി നിരോഷന്‍ ഡിക്ക്വെല്ല(43), കുശല്‍ മെന്‍ഡിസ്(38) എന്നിവരും തിളങ്ങി. പരമ്പരയിലെ താരമായി ദക്ഷിണാഫ്രിക്കയുടെ ജീന്‍ പോള്‍ ഡുമിനിയെ തിരഞ്ഞെടുത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
