ഏഷ്യൻ കപ്പ് രണ്ടാം സെമി പോരാട്ടം വെറുമൊരു സെമി പോരാട്ടമല്ല. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഖത്തറും ആതിഥേയരായ യു എ ഇയുമാണ് നേർക്കുനേർ വരുന്നത്. സമീപകാലത്തെ രാഷ്ട്രീയ പോര് ഈ മത്സരത്തെ വെറുമൊരു മത്സരത്തിൽ നിന്ന് വലിയ വൈരികൾ തമ്മിലുള്ള പോരാട്ടമായി തന്നെ മാറ്റിയിരിക്കുകയാണ്. ഖത്തറിന് വലിയ സമ്മർദ്ദങ്ങളെ തന്നെ ഇന്ന് യു എ ഇക്കെതിരെ അതിജീവിക്കേണ്ടതായി വരും.
ടൂർണമെന്റിൽ മികച്ച ഫോമിലാണ് ഖത്തറ്റ് ഉള്ളത്. ചരിത്രത്തിലെ അവരുടെ ആദ്യ സെമി എന്നതിനും അപ്പുറം ലോക ഫുട്ബോളിൽ ഏഷ്യയുടെ ശബ്ദങ്ങളിൽ ഒന്നാകാൻ തങ്ങൾ വളർന്നിരിക്കുന്നു എന്നും ഖത്തർ ഈ ടൂർണമെന്റോടെ അറിയിച്ചിട്ടുണ്ട്. അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും ഖത്തർ വഴങ്ങിയിട്ടില്ല. അഞ്ചു മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടാനും ഖത്തറിനായിട്ടുണ്ട്.
ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ ഒരേയൊരു ഗോളിന് തോൽപ്പിച്ചായിരുന്നു ഖത്തറിന്റെ സെമി പ്രവേശനം. ക്വാർട്ടറിൽ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് യു എ ഇ സെമിയിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്ന അത്ര മികച്ച പ്രകടനങ്ങൾ അല്ല കാഴ്ചവെച്ചിരുന്നത് എങ്കിലും ഓസ്ട്രേലിയയെ തോൽപ്പിച്ചതോടെ യു എ ഇ തങ്ങളുടെ എല്ലാ കുറവുകളും പരിഹരിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം കാണികളുടെ പിന്തുണയിൽ കിരീടം വരെ പോകാം എന്നാണ് യു എ ഇ പ്രതീക്ഷിക്കുന്നത്.
ഇന്ന് വൈകിട്ട് 7.30 നാണ് മത്സരം നടക്കുക.