ഇന്ത്യയുടെ ഏഷ്യ കപ്പ് ഫൈനൽ മോഹങ്ങൾ അസ്തമിച്ചു. ഇന്ന് നിർണായകമായ സൂപ്പർ 4 മത്സരത്തിൽ അവസാന ഓവറിൽ ഇരട്ട സിക്സുകളുമായി അഫ്ഗാനെ തോൽപ്പിച്ച് കൊണ്ടാണ് പാകിസ്താൻ ഫൈനലിൽ എത്തിയത്.
അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസ് പിന്തുടർന്ന പാകിസ്താന് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. റൺസ് ഒന്നും എടുക്കാത്ത ബാബർ അസത്തെ അവർക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെ 5 റൺസ് എടുത്ത ഫഖാർ സമാനും പുറത്തായി. 20 റൺസ് എടുത്ത റിസ്വാനും കൂടെ പുറത്താകുമ്പോൾ പാകിസ്താൻ 45-3 എന്ന നിലയിൽ ആയിരുന്നു.
അവിടെ നിന്ന് ഇഫ്തിഖാർ അഹമ്മദും ഷദബ് ഖാനും ക്ഷമയോടെ ബാറ്റു ചെയ്തു. ഇഫ്തിഖാർ 33 പന്തിൽ 30 റൺസ് എടുത്താണ് പുറത്തായത്. ഷദബ് ഖാൻ മറുവശത്ത് ലക്ഷ്യവുമായി മുന്നേറി. പക്ഷെ 26 പന്തിൽ 36 റൺസ് എടുത്ത ഷദബിനെ റഷീദ് ഖാൻ പുറത്താക്കി. 16.2 ഓവറിൽ പാകിസ്താൻ 97-5. അപ്പോൾ അവർക്ക് ജയിക്കാൻ 22 പന്തിൽ 33 റൺസ് വേണമായിരുന്നു.
ഏഴാമനായി എത്തിയ ആസിഫ് ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ച് പാകിസ്താന്റെ സമ്മർദ്ദം കുറച്ചു. പക്ഷെ നവാസിന്റെയും ഖുഷ്ദിലിന്റെയും വിക്കറ്റ് പോയത് വീണ്ടും പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 18ആം ഓവറിൽ ഫറൂഖിയാണ് ഈ രണ്ട് വിക്കറ്റും എടുത്തത്.
എന്നാൽ ആസിഫ് അലി ഒരു വശത്ത് ഉണ്ടായിരുന്ന പാകിസ്താന് പ്രതീക്ഷ നൽകി. എന്നാൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരിക്കെ ഫരീദ് ആസിഫിനെ പുറത്താക്കി. അവസാന ഓവറിൽ പാകിസ്താന് ജയിക്കാൻ 11 റൺസ്. കയ്യിൽ ബാക്കിയുള്ള ഒരു വിക്കറ്റും.
അവസാന ഓവറിലെ ആദ്യ ബോൾ നസീം ഷായുടെ സിക്സ്, രണ്ടാം ബോളിലും സിക്സ്, വിജയം പാകിസ്താനൊപ്പം. ഇന്ത്യയും അഫ്ഘാനും പുറത്ത്!!
ഇന്ന് ആദ്യ ഇന്നിങ്സിൽ പാകിസ്താൻ അഫ്ഗാനിസ്താനെ വെറും 129 റൺസിൽ ഒതുക്കിയിരുന്നു. 20 ഓവറും ബാറ്റു ചെയ്ത അഫ്ഗാനിസ്താന് 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ നല്ല റൺസ് എടുക്കാൻ ആയെങ്കിലും പിന്നീട് അഫ്ഘാൻ തകരുക ആയിരുന്നു.
35 റൺസ് എടുത്ത ഇബ്രാഹിം സർദാൻ ആണ് അഫ്ഗാന്റെ ടോപ് സ്കോറർ ആയത്. പാകിസ്താനായി ഹാരിസ് റഹൂഫ് 2 വിക്കറ്റും നസീം ഷാം, ഹസ്നൈൻ, നവാസ്, ഷദബ് ഖാൻ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
.
പാകിസ്താൻ ഈ ജയത്തോടെ ഫൈനലിൽ എത്തി. ഇനി പാകിസ്താനും ശ്രീലങ്കയും കിരീടത്തിനായി പോരിടും.