നാലാം ദിവസം അന്ത്യത്തോടെയും അഞ്ചാം ദിവസം ഏറെക്കുറെ പൂര്‍ണ്ണമായും കളി നഷ്ടപ്പെട്ടപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശിന് സാധിക്കുമെന്നാണ് കരുതിയതെങ്കിലും തങ്ങള്‍ നേടേണ്ടിയിരുന്ന നാല് വിക്കറ്റുകള്‍ എറിയുവാന്‍ അവസരം ലഭിച്ച 20ല്‍ താഴെയുള്ള ഓവറുകളില്‍ തന്നെ നേടി ചരിത്ര ടെസ്റ്റ് വിജയം നേടി അഫ്ഗാനിസ്ഥാന്‍.
അഞ്ചാം ദിവസം 2.1 ഓവര്‍ ഉച്ചയ്ക്ക് ശേഷം എറിഞ്ഞുവെങ്കിലും വീണ്ടും മഴ മൂലം കളി തടസ്സപ്പെട്ട് മത്സരം സമനിലയില്‍ അവസാനിക്കുമെന്ന നിലയിലാണ് അവസാന മണിക്കൂര്‍ കളി സാധ്യമായത്. ബ്രേക്കിന് ശേഷം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി സഹീര്‍ ഖാന്‍ അഫ്ഗാനിസ്ഥാന് വലിയ ആശ്വാസമാണ് നല്‍കിയത്. പത്തില്‍ താഴെ മാത്രം ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ മെഹ്ദി ഹസനെ പുറത്താക്കി റഷീദ് ഖാന്‍ അഫ്ഗാനിസ്ഥാനെ ജയത്തിന് അരികെയെത്തിച്ചു.
59 പന്തുകളോളം കളിച്ച് അവസാന ചെറുത്ത്നില്പ് നടത്തിയ സൗമ്യ സര്‍ക്കാരിനെ പുറത്താക്കി റഷീദ് ഖാന്‍ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 61.4 ഓവറില്‍ 173 റണ്‍സിനാണ് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയത്. ഇന്ന് വീണ നാല് വിക്കറ്റില്‍ മൂന്നും നേടി ഇന്നിംഗ്സില്‍ ആറ് വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്. സഹീര്‍ ഖാന്‍ മൂന്ന് വിക്കറ്റ് നേടി.