അഫ്ഗാനിൽ നിന്ന് ഒരു മധ്യനിര താരം ഗോകുലത്തിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്, നവംമ്പർ 13: അഫ്ഘാൻ മധ്യനിര കളിക്കാരൻ ഷെരീഫ് മുക്കമദ് ഇനി ഗോകുലം കേരള എഫ് സിക്ക് വേണ്ടി ബൂട്ട് കെട്ടും.

റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 30 വയസ്സുള്ള ഷെരീഫ് ഗോകുലത്തിൽ എത്തുന്നത്. മിഡ്‌ഫീൽഡറായിട്ടും, പ്രതിരോധത്തിലും കളിക്കുവാൻ പറ്റുന്ന കളിക്കാരനാണ് ഷെരീഫ്.

റഷ്യയിൽ ജനിച്ച ഷെരീഫ്, ഏഴാം വയസ്സിൽ അൻസിയ മക്കാചക്കാല എന്ന ക്ലബ്ബിന്റെ അക്കാഡമിയിൽ ചേർന്നു. പിന്നീട് റഷ്യൻ പ്രീമിയർ ലീഗിൽ അൻസിയക്ക് വേണ്ടി ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വര്ഷം അൻസിയിൽ കളിച്ച ഷെരീഫ്, റോബർട്ടോ കാർലോസ്, സാമുവേൽ എറ്റോ, വില്ലിയൻ എന്നീ കളിക്കാരുടെ കൂടെ കളിച്ചു.

പിന്നീട് സ്വീഡനിലും മാൽദ്വീപ്‌സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ എഫ് സി കപ്പ് കളിക്കുകയും ചെയ്തു. അഫ്ഘാനിസ്ഥാൻ നാഷണൽ ടീമിലെ സ്ഥിരം കളിക്കാരനാണ് ഷെരീഫ്.

“ഇന്ത്യയിൽ ഞാൻ ആദ്യമായിട്ടാണ് കളിക്കുവാൻ പോവുന്നത്. ഈ അവസരം തരുന്നതിൽ ഞാൻ സന്തുഷ്ടനാനാണ്. ഗോകുലത്തിനു വേണ്ടി ഐ ലീഗ് നേടുക എന്നതാണ് എന്റെ ലക്‌ഷ്യം,” ഷെരീഫ് പറഞ്ഞു.

“ഗോകുലം കേരള എഫ് സിയിലേക്കു ഞങ്ങൾ ഷെരീഫിനെ സ്വാഗതം ചെയുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു,