വനിത ഫുട്‌ബോളിനോട് നോർവെ ഫുട്‌ബോൾ ഫെഡറേഷൻ നടത്തുന്ന അവഗണനയിൽ പ്രതിഷേധിച്ച് ദേശീയ ടീം വിട്ട ഇതിഹാസ താരം ആദ ഹെഗർബർഗ് ലോകകപ്പ് യോഗ്യതക്ക് ഉള്ള നോർവെ ടീമിൽ തിരിച്ചെത്തി. 5 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് താരം ദേശീയ ടീമിലേക്ക് തിരികെ എത്തുന്നത്. 2018 ൽ വനിത ഫുട്‌ബോളിലെ ആദ്യ ബാലൻ ഡിയോർ ജേതാവ് ആയ ലിയോൺ താരം വനിത ഫുട്‌ബോളിലെ ഏറ്റവും മഹത്തായ താരങ്ങളിൽ ഒരാൾ ആയാണ് പരിഗണിക്കുന്നത്. പോളണ്ട്, കൊസോവ ടീമുകളെ നേരിടാനുള്ള ലോകകപ്പ് യോഗ്യത ടീമിൽ ആണ് 26 കാരിയായ താരം വീണ്ടും ഇടം പിടിച്ചത്.
നോർവെക്ക് ആയി 66 മത്സരങ്ങളിൽ നിന്നു 38 ഗോളുകൾ നേടിയ ഹെഗർബർഗ് വനിത ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരിയാണ്. ലിയോണിനെ 5 തവണയാണ് ഹെഗർബർഗ് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ചത്. ഇത് കൂടാതെ ലിയോണിന്റെ 6 ലീഗ് നേട്ടത്തിലും 5 ഫ്രഞ്ച് കപ്പ് ജയത്തിലും താരം പങ്കാളിയായി. കളത്തിനും അകത്തും പുറത്തും വനിത ഫുട്‌ബോളിന് ആയി ചെയ്യാവുന്നത് എല്ലാം ചെയ്യും എന്ന് പറഞ്ഞ ഹെഗർബർഗ് അടുത്ത തലമുറക്കും നോർവെക്കും അത് ഉപകാരപ്പെടും എന്നും വ്യക്തമാക്കി. തിരിച്ചു വന്നതിൽ സന്തോഷവും താരം പ്രകടിപ്പിച്ചു.
ഇതിനിടയിൽ പരിക്കിന്റെ പിടിയിലായ താരം 2021 ഒക്ടോബറിൽ ആണ് നീണ്ട 20 മാസത്തെ വിശ്രമത്തിനു ശേഷം കളത്തിൽ തിരിച്ചെത്തിയത്. 2017 നു ശേഷം നിരവധി തവണ താരത്തെ തിരിച്ചു കൊണ്ടു വരാൻ നോർവെ ഫുട്‌ബോൾ ഫെഡറേഷൻ ശ്രമിച്ചു എങ്കിലും നടന്നില്ല. നിലവിൽ ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് എഫിൽ ഒന്നാമതുള്ള നോർവെ ഏപ്രിൽ 7 നു കൊസോവയെയും ഏപ്രിൽ 12 നു പോളണ്ടിനെയും ആണ് നേരിടുക.