ടിപിഎലില്‍ മറ്റൊരു ആവേശകരമായ മത്സരത്തില്‍ അക്യുബിറ്റ്സിന് വിജയം. ഇന്നത്തെ അവസാന മത്സരത്തില്‍ ഒന്നാം ഘട്ട നോക്ക്ഔട്ട് മത്സരത്തിലെ ആദ്യ മത്സരവുമായ അക്യുബിറ്റ്സ്-സിപി സ്ട്രൈക്കേഴ്സ് പോരാട്ടം ആണ് അവസാന ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത അക്യുബിറ്റ്സ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ സിപി സ്ട്രൈക്കേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സേ നേടാനായുള്ളു.
രണ്ടാം ഓവറില്‍ തന്നെ 11/3 എന്ന നിലയിലേക്ക് വീണ ടീമിനെ രാജീവ് രാമചന്ദ്രന് ഒറ്റയ്ക്കാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 23/4 എന്ന നിലയില്‍ നിന്ന് അഞ്ചാം വിക്കറ്റില്‍ 31 റണ്‍സാണ് സിപി സ്ട്രൈക്കേഴ്സ് നേടി മത്സരത്തിലെ തങ്ങളുടെ പ്രതീക്ഷ സജീവമാക്കി നിന്നത്.
18 പന്തില്‍ നിന്ന് 31 റണ്‍സ് നേടേണ്ടിയിരുന്ന സിപി സ്ട്രൈക്കേഴ്സ് ഡി പ്രസന്നയുടെ ഓവറില്‍ നിന്ന് 16 റണ്‍സ് നേടിയെങ്കിലും 17 പന്തില്‍ നിന്ന് 34 റണ്‍സുമായി ടീമിന്റെ പ്രതീക്ഷയായി നിന്നിരുന്ന രാജീവ് രാമചന്ദ്രന്റെ വിക്കറ്റ് നഷ്ടമായത് മത്സരത്തിലെ വഴിത്തിരിവായി. ലക്ഷ്യം പിന്നീട് രണ്ടോവറില്‍ 15 ആയെങ്കിലും രാഹുല്‍ എറിഞ്ഞ ഏഴാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. അവസാന ഓവറില്‍ ജയത്തിനായി 12 റണ്‍സ് നേടേണ്ടിയിരുന്ന സിപി സ്ട്രൈക്കേഴ്സിന് ഓവറില്‍ നിന്ന് മൂന്ന് റണ്‍സേ നേടാനായുള്ളു.
തന്റെ കഴിഞ്ഞോവറിന്റെ കോട്ടം നികത്തി പ്രസന്ന തന്നെയാണ് നിര്‍ണ്ണായകമായ ഓവര്‍ വിജയകരമായി പൂര്‍ത്തിയാക്കി ടീമിനെ 8 റണ്‍സ് വിജയത്തിലേക്ക് നയിച്ചത്. ഡി പ്രസന്നയും വിജിനും മൂന്ന് വീതം വിക്കറ്റുമായി അക്യുബിറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി. തന്റെ ആദ്യ ഓവറില്‍ 16 റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണ്ണായകമായ അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ട് നല്കിയ പ്രസന്നയുടെ പ്രകടനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്.
നേരത്തെ അക്യുബിറ്റ്സ് ബാറ്റിംഗിലും പ്രസന്നയാണ് കളം നിറഞ്ഞ് കളിച്ചത്. 20 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ താരത്തിനൊപ്പം 12 റണ്‍സ് നേടി പിവി മഹാദേവന് ആണ് ശ്രദ്ധേയമായ പ്രകടനം നടത്തിയ മറ്റൊരു താരം. അങ്കുര്‍ ചാക്കോച്ചന് സിപി സ്ട്രൈക്കേഴ്സിനായി രണ്ട് വിക്കറ്റ് നേടി.