അസഭ്യം പറയൽ വിമർശനമല്ല, സൈബർ ആക്രമണത്തിന് എതിരെ ഒറ്റക്കെട്ടായി ഫുട്ബോൾ താരങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ഒറ്റക്കെട്ടായി ഒരു കാര്യത്തിനെതിരെ വന്നിരിക്കുകയാണ്. താരങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അസഭ്യം പറയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ ആണ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഒക്കെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. അസഭ്യം പറയൽ വിമർശനമായി കണക്കാക്കാൻ കഴിയില്ല എന്ന് അർത്ഥം വരുന്ന Abusing is Not Criticising എന്ന വാക്കുകളുമായാണ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ എത്തിയത്.

#stopcyberbullying എന്നൊരു സോഷ്യൽ മീഡിയ ക്യാമ്പയിൻ ആണ് താരങ്ങൾ നടത്തുന്നത്‌. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീത്, സെന്റർ ബാക്കായ അനസ് എടത്തൊടിക, ഇയാൻ ഹ്യൂം, ഈസ്റ്റ് ബംഗാളിൽ വിസ്മയങ്ങൾ കാണിക്കുന്ന ജോബി ജസ്റ്റിൻ തുടങ്ങി പ്രമുഖ താരങ്ങൾ മുഴുവൻ മൂവ്മെന്റിന് ഒപ്പമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സി കെ വിനീതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരിൽ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും അത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിൽ വരെ എത്തിയ ഈ സംഭവം ആണ് താരങ്ങളെ ഇപ്പോൾ ഒരുമിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഒപ്പം ആരാധകരോട് വിമർശനങ്ങൾ ആരോഗ്യപരമായിരിക്കണം എന്ന് ഓർമ്മിപ്പിക്കാനുമാണ് താരങ്ങൾ ഇങ്ങനെ ഒരു ക്യാമ്പയിൻ നടത്തുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ താരങ്ങൾ മാത്രമല്ല. ഫുട്ബോൾ നിരീക്ഷകരും ഒപ്പം ആരാധകരിൽ ഭൂരിഭാഗവും ഈ വിഷയത്തിൽ താരങ്ങൾക്ക് ഒപ്പമാണ്. കേരളത്തിൽ നിന്ന് ദേശീയ ലീഗുകളിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളും ഈ സൈബർ ആക്രമണത്തിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.