ഇന്ന് സെർബിയയും കാമറൂണും തമ്മിൽ നടന്ന മത്സരത്തിൽ സെർബിയ 3-1ന് ലീഡ് ചെയ്തു നിൽക്കുമ്പോൾ ആയിരുന്നു കാമറൂൺ അവരുടെ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കാറിനെ കളത്തിൽ ഇറക്കുന്നത്. 55ആം മിനുട്ടിൽ അബൂബക്കാർ കളത്തിൽ എത്തുമ്പോൾ കാമറൂണ് തന്നെ വലിയ പ്രതീക്ഷ കളിയിൽ ഇല്ലായിരുന്നു. ക്യാപ്റ്റൻ ആം ബാൻഡ് വാങ്ങി അണിഞ്ഞ അബൂബക്കാർ പിന്നീട് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നതാണ് കാണാൻ കഴിഞ്ഞത്.
8 മിനുട്ടുകൾക്ക് അകം കാമറൂണെ കളിയിലേക്ക് തിരികെ കൊണ്ടു വന്ന ഗോൾ അബൂബക്കാറിന്റെ ബൂട്ടിൽ നിന്ന് പിറന്നു. ഓഫ്സൈഡ് ട്രാപ് ബീറ്റ് ചെയ്ത് കുതിച്ച അബൂബക്കാർ അഡ്വാൻസ് ചെയ്ത് വന്ന സെർബിയൻ കീപ്പർക്ക് മുകളിലൂടെ ചിപ് ചെയ്ത് വലയിലേക്ക് എത്തിച്ചു. 3-1ന് പിറകിൽ നിക്കുമ്പോഴും ഇത്ര കൂളായി ചിപ് ചെയ്യാൻ അബൂബക്കാറിന് എല്ലാതെ ആർക്കു പറ്റും.
അധികം വൈകാതെ കാമറൂൺ സമനില ഗോൾ നേടിയപ്പോഴും ക്യാപ്റ്റന്റെ കാലുകൾ അതിന് പിറകിൽ ഉണ്ടായിരുന്നു. അബൂബക്കാർ നൽകിയ പാസ് വലയിലേക്ക് തിരിച്ചുവിടേണ്ട പണിയെ ചൗപ മോടങിന് ഉണ്ടായിരുന്നുള്ളൂ. ആ ഗോളിന് ശേഷം ചൗപ മോടങ്ങിനെ തോളിൽ കയറ്റി അബൂബക്കാർ ആഘോഷിച്ചപ്പോൾ ക്യാപ്റ്റന്റെ തോളിലേറി ടീം കരകയറിയതിന്റെ പ്രതീക ചിത്രമായി അത് മാറി.