റോമയിലേക്ക് എത്തിയ ഹോളണ്ടിന്റെ യുവ താരം ജസ്റ്റിൻ ക്ലുയിവേർട്ട് ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ കയ്യടി വാങ്ങുകയാണ്. അയാക്സിൽ നിന്ന് റോമയിൽ എത്തിയ 19കാരൻ റോമയിൽ തിരഞ്ഞെടുത്ത ജേഴ്സിയാണ് ഫുട്ബോൾ ആരാധകരുടെ ഹൃദയം തൊട്ടത്. 34ആം നമ്പർ ജേഴ്സിയാകും ജസ്റ്റിൻ ഇനി റോമയിൽ അണിയുക. തന്റെ സുഹൃത്തും അയാക്സിൽ ഒരുമിച്ച് കളിച്ചിരുന്ന താരവുമായിരുന്ന അബ്ദൽഹക് നൗരിയുടെ ജേഴ്സി നമ്പറാണിത്.
കഴിഞ്ഞ സീസണ് മുന്നോടിയായി പ്രീ സീസൺ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ നൗരി തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിരമിക്കേണ്ടി വന്നിരുന്നു. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന്റെ ആരോഗ്യനില ഇപ്പോൾ ഭേദമാണ് എങ്കിലും ഇനി ഒരിക്കലും നൗരിക്ക് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ജസ്റ്റിന്റെ ആത്മാർത്ഥ സുഹൃത്തായ നൗരിയോടുള്ള സ്നേഹത്തിനാണ് താരം 34ആം നമ്പർ ജേഴ്സി തിരഞ്ഞെടുത്തത്.
തന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയും നൗരിക്ക് ആണ് എന്ന് ജേഴ്സി നമ്പറിനെ കുറിച്ചുള്ള പ്രതികരണത്തിൽ ക്ലുയുവേർട്ട് പറഞ്ഞു. ഡച്ച് ഇതിഹാസം പാട്രിക്ക് ക്ലുയിവേർട്ടിന്റെ മകനാണ് ജസ്റ്റിൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial