ഐ ലീഗിൽ കിരീടം ഈ സീസണിൽ കിരീടം സ്വന്തമാക്കാൻ ചെന്നൈ സിറ്റിയും ഈസ്റ്റ് ബംഗാളും അവരുടെ അവസാന ഒരുക്കങ്ങൾ നടത്തുകയാണ്. ഇനി അവസാന റൗണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സിറ്റി 40 പോയന്റുമായി ഒന്നാമതും ഈസ്റ്റ് ബംഗാൾ 39 പോയന്റുമായി രണ്ടാമതുമാണ് ഉള്ളത്. മാർച്ച് 9ന് ഈസ്റ്റ് ബംഗാൾ ഗോകുലത്തെയും, ചെന്നൈ സിറ്റി മിനേർവയെയും നേരിടും. ഈ മത്സരങ്ങളാകും ലീഗ് കിരീടം ആരു കൊണ്ടു പോകും എന്ന് തീരുമാനിക്കുന്നത്.
ഇരുടീമിൽ ആരു കൊണ്ടു പോയാലും ഏഴു മലയാളി താരങ്ങളാണ് ഇത്തവണ ഐ ലീഗ് ചാമ്പ്യന്മാർ ആകാം എന്ന പ്രതീക്ഷയിൽ ഉള്ളത്. ചെന്നൈ സിറ്റിയിൽ നാലു മലയാളി താരങ്ങളും ഈസ്റ്റ് ബംഗാളിൽ മൂന്ന് മലയാളി താരങ്ങളും കളിക്കുന്നുണ്ട്. ജോബി ജസ്റ്റിൻ, ഉബൈദ് സികെ, മിർഷാദ് എന്നിവരാണ് ഈസ്റ്റ് ബംഗാൾ നിരയിൽ ഉള്ള മലയാളി താരങ്ങൾ.
ജോബി ജസ്റ്റിൻ ഈസ്റ്റ് ബംഗാളിന്റെ ഈ വർഷത്തെ കുതിപ്പിൽ പ്രധാന പങ്കുവഹിച്ച താരമാണ്. 9 ഗോളുകൾ ഈ ഐലീഗ് സീസണിൽ അടിച്ച ജോബി ഇപ്പ ലീഗിലെ ഇന്ത്യൻ ടോപ്പ് സ്കോററും ആണ്. രണ്ട് കൊൽക്കത്ത ഡെർബികളിൽ അടക്കം നിർണായക ഗോളുകൾ ജോബി ഈ സീസണിൽ നേടിയിട്ടുണ്ട്. ഗോൾ കീപ്പർമാരായ ഉബൈദും മിർഷാദും ഈസ്റ്റ് ബംഗാളിനൊപ്പം രണ്ട് വർഷത്തോളമായി ഉണ്ട്. ഇരുവരും ഇപ്പോൾ ഒന്നാം നമ്പർ അല്ലായെങ്കിൽ ടീമിനെ പലപ്പോഴും സഹായിക്കാൻ ഇരുവർക്കുൻ ആയിട്ടുണ്ട്.
ചെന്നൈ സിറ്റിയിൽ നാലു മലയാളു താരങ്ങളാണ് ഉള്ളത്. സ്ട്രൈക്കറായ ഷം മാർട്ടൻ, വിങ്ങർ ഷൈൻ ജോൺ, വിങ്ങ് ബാക്കുകളായ മഷൂർ ഷെരീഫ്, ക്ലിന്റു എന്നിവർ ആണ് ചെന്നൈ നിരയിലെ മലയാളി താരങ്ങൾ. അവസരങ്ങൾ അധികം ലഭിച്ചില്ല എങ്കിലും ചെന്നൈ സ്ക്വാഡിന്റെ ഭാഗമാണ് ഈ നാലു പേരും.
അവസാന രണ്ട് സീസണുകളിലും ഐ ലീഗ് കിരീടം നേടിയ ടീമുകളിൽ മലയാളി താരങ്ങൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ സീസണിലെ മിനേർവ പഞ്ചാബ് സ്ക്വാഡിലും, അതിനു മുൻ വർഷത്തെ ഐസാൾ സ്ക്വാഡിലും പൂജ്യമായിരുന്നു മലയാളികളുടെ എണ്ണം. ബെംഗളൂരു ഐ ലീഗ് കിരീടം നേടിയ വർഷമാണ് അവസാനമായി മലയാളി താരങ്ങൾ ഐലീഗ് കിരീടം ഉയർത്തിയത്. അന്ന് ബെംഗളൂരു ടീമിൽ സി കെ വിനീതും റിനോ ആന്റോയും ഉണ്ടായിരുന്നു. ഇത്തവണ ആരു കിരീടം കൊണ്ടുപോയാലുൻ വീണ്ടും മലയാളികൾ ആ കിരീടത്തിൽ മുത്തമിടും എന്ന് ഉറപ്പിക്കാം.