ഇതാണ് ആരാധകർ ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒലെ ഗണ്ണാർ സോൾഷ്യാർ ചുമതലയേറ്റതിനു ശേഷമുള്ള തുടർച്ചയായ നാലാം മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഇന്ന് കടുപ്പമേറിയ എവേ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ഇതിനു മുമ്പുള്ള മൂന്ന് മത്സരങ്ങൾ പോലെ അത്ര സുഖകരമായിരുന്നില്ല ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ന്യൂകാസിലിന്റെ ഡിഫൻസ് തകർത്ത് ഫൈനൽ പാസ് കണ്ടെത്താൻ യുണൈറ്റഡിന് കളിയിൽ 63മിനുട്ടോളം ആയില്ല. തുടർന്ന് സോൾഷ്യാർ നടത്തിയ രണ്ട് സബ്ബുകൾ കളിയുടെ ഗതി മാറ്റുകയായിരുന്നു. റൊമേലു ലുകാകുവും സാഞ്ചേസും ആണ് സബ്ബായി 63ആം മിനുട്ടിൽ കളത്തിൽ എത്തിയത്. ഇറങ്ങി അടുത്ത നിമിഷം തന്റെ ആദ്യ ടച്ചിലൂടെ ലുകാകു യുണൈറ്റഡിന് ലീഡ് നൽകി.
റാഷ്ഫോർഡിന്റെ ഫ്രീകിക്ക് ന്യൂകാസിൽ ഗോൾകീപ്പർക്ക് കയ്യിൽ ഒതുക്കാൻ കഴിയാതിരുന്നപ്പോൾ അവസരം മുതലെടുത്ത് ലുകാകു പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും സബ്ബായി എത്തി ലുകാകു ഗോൾ നേടിയിരുന്നു. 80ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് റാഷ്ഫോർഡാണ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. സബ്ബായി എത്തിയിരുന്ന സാഞ്ചസിന്റെ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഗോൾ.
ഇന്നത്തെ ജയം ചരിത്രത്തിൽ കൂടെ ഇടം പിടിച്ചു. സർ മാറ്റ് ബുസ്ബിക്ക് ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ തന്റെ ആദ്യ നാലു മത്സരങ്ങൾ വിജയിക്കുന്നത്. ഒലെയുടെ കീഴിലെ ഈ നാലു വിജയങ്ങൾ യുണൈറ്റഡിനെ നാലാം സ്ഥാനത്തിന് ആറ് പോയന്റു മാത്രം പിറകിൽ എത്തിച്ചിരിക്കുകയാണ്.