2020 തിൽ തന്റെ 20 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടം പതിമൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടത്തിന്റെ രൂപത്തിൽ സ്വന്തമാക്കി റാഫേൽ നദാൽ ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ റോജർ ഫെഡറർക്ക് ഒപ്പം എത്തിയിരിക്കുന്നു. 17 ഗ്രാന്റ് സ്‌ലാമുകളും ആയി ജ്യോക്കോവിച്ച് തൊട്ട് പിറകിൽ ഉണ്ട്. ആരാണ് ഏറ്റവും മഹാൻ ആയ താരം എന്ന ചർച്ചക്ക് കൂടുതൽ മൂർച്ചക്കൂട്ടുന്നത് ആണ് നദാലിന്റെ ഈ നേട്ടം എന്നുറപ്പാണ്. ഒരർത്ഥത്തിൽ അത്തരം ഒരു ശ്രമം വെറുതെ ആയതിനാൽ അവരുടെ ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ കണക്കുകളിലൂടെ പരിശോധനക്ക് വിധേയമാക്കുക ആണ് ഇവിടെ. ചരിത്രത്തിലെ ഏറ്റവും മഹാന്മാർ ആയ രണ്ടു താരങ്ങളുടെ ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾ നമുക്ക് പരിശോധിക്കാം.
39 കാരൻ ആയ റോജർ ഫെഡറർ 2003 വിംബിൾഡൺ കിരീടനേട്ടം കൈവരിച്ച് കൊണ്ടാണ് ആദ്യമായി ഗ്രാന്റ് സ്‌ലാം കിരീടം എന്ന നേട്ടം കൈവരിക്കുന്നത്. അന്ന് 22 കാരൻ ആയ ഫെഡറർ തന്റെ ആദ്യ ഫൈനലിൽ തന്നെ കിരീടം ഉയർത്തി. തുടർന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട പുൽ മൈതാനത്ത് ഫെഡറർ 7 തവണ കൂടി കിരീടം ഉയർത്തി. 2003 മുതൽ 2007 വരെ തുടർച്ചയായി 5 തവണ വിംബിൾഡൺ കിരീടം ഉയർത്തിയ ഫെഡറർ 2009, 2012, 2017 കൊല്ലങ്ങളിലും ഈ നേട്ടം ആവർത്തിച്ചു. ആറു തവണ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ ഉയർത്തിയ ഫെഡറർ 2004 ൽ ആണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്. തുടർന്ന് 2006, 2007, 2010, 2017, 2018 വർഷങ്ങളിലും ഫെഡറർ മെൽബണിൽ കിരീടം ഉയർത്തി. 5 തവണയാണ് ഫെഡറർ യു.എസ് ഓപ്പൺ കിരീടം ഉയർത്തിയത്. 2004 ൽ ആദ്യമായി യു.എസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട ഫെഡറർ 2004 മുതൽ 2008 വരെ തുടർച്ചയായി 5 തവണ ന്യൂയോർക്കിൽ ഫെഡറർ കിരീടം സ്വന്തം പേരിലാക്കി. അതേസമയം എന്നും കളിമണ്ണ് മൈതാനം ബുദ്ധിമുട്ട് ആയിരുന്ന ഫെഡറർ 2009 തിൽ തന്റെ ഏക ഫ്രഞ്ച് ഓപ്പൺ കിരീടവും ഉയർത്തി. ഇങ്ങനെ 20 ഗ്രാന്റ് സ്‌ലാമുകൾ ആണ് ഫെഡറർക്ക് സ്വന്തം. 31 തവണ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിച്ച ഫെഡറർ 11 തവണയാണ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്.
34 കാരൻ ആയ റാഫേൽ നദാൽ 2005 ൽ തന്റെ 19 മത്തെ വയസ്സിൽ ആണ് ആദ്യമായി ഒരു ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളിമണ്ണ് മൈതാനത്ത് 2009 തിൽ ഫ്രഞ്ച് ഓപ്പൺ ഉയർത്തിയ നദാൽ തുടർന്ന് 12 തവണ കൂടി ആ നേട്ടം ആവർത്തിച്ചു. 2005 മുതൽ 2008 വരെ നാലു തവണ തുടർച്ചയായി ഫ്രഞ്ച് ഓപ്പൺ നേടിയ നദാൽ 2010 മുതൽ 2014 വരെ തുടർച്ചയായി 5 തവണയും ഫ്രഞ്ച് ഓപ്പൺ സ്വന്തമാക്കി. തുടർന്ന് 2017 മുതൽ 2020 വരെ തുടർച്ചയായി 4 തവണയും ഈ നേട്ടം നദാൽ ആവർത്തിച്ചു. 2008 ൽ ആദ്യമായി വിംബിൾഡൺ കിരീടം ഉയർത്തിയ നദാൽ 2010 ൽ ആ നേട്ടം വീണ്ടും ആവർത്തിച്ചു. 2009 ൽ തന്റെ ഏക ഓസ്‌ട്രേലിയൻ ഓപ്പണും നദാൽ സ്വന്തമാക്കി. 4 തവണ യു.എസ് ഓപ്പൺ ഉയർത്തിയ നദാൽ 2010 ൽ ആണ് ആദ്യമായി ന്യൂയോർക്കിൽ കിരീടം ചൂടുന്നത്. തുടർന്നു 2013, 2017, 2019 വർഷങ്ങളിലും നദാൽ നേട്ടം ആവർത്തിച്ചു. 28 തവണ ഗ്രാന്റ് സ്‌ലാം ഫൈനലുകൾ കളിച്ച നദാൽ 8 തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
ലോക കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരസ്പര പോരാട്ടങ്ങളിൽ ഒന്നായ ഫെഡറർ നദാൽ പോരാട്ടങ്ങൾ എന്നും ആരാധകർക്ക് വലിയ ആവേശം ആണ് നൽകിയത്. 40 തവണ കരിയറിൽ മുഖാമുഖം വന്ന ഇരുതാരങ്ങളും ഗ്രാന്റ് സ്‌ലാമുകളിൽ 14 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 9 തവണയും ഇരുവരും ഗ്രാന്റ് സ്‌ലാം ഫൈനലിൽ ആണ് ഏറ്റുമുട്ടിയത്. ടെന്നീസിലെ ഒരു റെക്കോർഡ് ആണ് ഈ നേട്ടം. 9 ഫൈനലുകളിൽ 6 തവണ നദാൽ ജയം കണ്ടപ്പോൾ 3 തവണയാണ് ഫെഡറർ ജയിച്ചത്. 2006 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ആണ് ഇരുവരും ആദ്യമായി മുഖാമുഖം വന്നത് അന്ന് നാലു സെറ്റ് പോരാട്ടം ജയിച്ച നദാൽ കിരീടം സ്വന്തം പേരിൽ കുറിച്ചു. ആ വർഷം വിംബിൾഡൺ ഫൈനലിൽ നദാലിനെ സമാനമായി മറികടന്ന ഫെഡറർ ഫ്രഞ്ച് ഓപ്പൺ തോൽവിക്ക് പ്രതികാരം ചെയ്തു. 2007 ൽ സമാനമായിരുന്നു കാര്യങ്ങൾ ഫ്രഞ്ച് ഓപ്പണിൽ നദാലും വിംബിൾഡണിൽ ഫെഡററും പരസ്പരം ഫൈനലിൽ വന്നപ്പോൾ ജയിച്ച് കയറി.
2008 ൽ നദാലിനോട് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കീഴടങ്ങിയ ഫെഡറർ വിംബിൾഡണിലും സമാനമായ വിധി തന്നെ നേരിട്ടു. 2008 ലെ 5 സെറ്റ് നീണ്ട ഐതിഹാസിക പോരാട്ടം ടെന്നീസ് ചരിത്രം കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നാണ്, അന്നത്തെ ആ ജയം നദാലിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലും ഒന്നാണ്. 2009 തിൽ ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇരുവരും മുഖാമുഖം വന്നപ്പോൾ വീണ്ടുമൊരു അവിസ്മരണീയ 5 സെറ്റ് പോരാട്ടത്തിനു ഒടുവിൽ നദാൽ കിരീടം ഉയർത്തി. 2011 ൽ ഒരിക്കൽ കൂടി ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഫെഡറർ നദാലിന്റെ മികവിന് മുന്നിൽ അടിയറവ് പറഞ്ഞു. തുടർന്ന് ആറു വർഷങ്ങൾക്ക് ശേഷം ആണ് ഇരുവരും ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിൽ നേർക്കുനേർ വന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരം എന്നു വിളിച്ച 2017 ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ അവിസ്മരണീയമായ പോരാട്ടം ആണ് ഇരുവരും പുറത്ത് എടുത്തത്. മണിക്കൂറുകൾ നീണ്ട 5 സെറ്റ് പോരാട്ടത്തിനു ഒടുവിൽ ഫെഡറർക്ക് ആയിരുന്നു ഈ മത്സരത്തിൽ ജയം.
ഇരുവർക്കും ഇടയിലുള്ള 40 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾക്കും നിരവധി എ ടി പി കിരീടങ്ങൾക്കും ഒക്കെ ഒട്ടനവധി ചരിത്രം തന്നെയാണ് പറയാനുള്ളത്. ചരിത്രം കണ്ട ഏറ്റവും മഹത്തായ പോരാട്ടത്തിൽ ഇരുവരും സമ്മാനിച്ചത് ഒട്ടനവധി അപൂർവ്വ നിമിഷങ്ങൾ കൂടിയാണ്. കരിയർ അവസാനിക്കുമ്പോൾ ആരാണ് ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടനേട്ടങ്ങൾ കൈവരിക്കുക എന്നു പറയുക എളുപ്പമല്ല, പ്രത്യേകിച്ച് 17 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളും ആയി ജ്യോക്കോവിച്ച് ഇരുവരെയും പിന്തുടരുമ്പോൾ. പക്ഷെ ആരു ചരിത്രത്തിൽ ഒന്നാമത് എത്തിയാലും ടെന്നീസിൽ എന്നും റോജർ ഫെഡറർ എന്ന പേരിനൊപ്പം റാഫേൽ നദാൽ എന്നും റാഫേൽ നദാൽ എന്ന പേരിനൊപ്പം റോജർ ഫെഡറർ എന്നും എല്ലാ കാലവും ചേർത്ത് പറയും എന്നുറപ്പാണ്, കാരണം ഇവരിൽ ഒരാൾ ഇല്ലാതെ മറ്റൊരാൾ പൂർണമാവുന്നില്ല എന്നതാണ് സത്യം.