വനിത ലോക ടി20യ്ക്ക് മുമ്പായി വിന്‍ഡീസില്‍ നടക്കാനിരുന്ന ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര റദ്ദാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വിന്‍ഡീസ് ബോര്‍ഡിന്റെ സാമ്പത്തിക പരാധീനതകളാണ് പരമ്പര റദ്ദാക്കുവാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നത്. ജൂലൈയിലാണ് ബിസിസിഐ മൂന്ന് ടി20 മത്സരങ്ങള്‍ ഒക്ടോബര്‍ അവസാന വാരം കളിക്കാമെന്ന പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. ലോക ടി20യ്ക്ക് മുമ്പുള്ള സന്നാഹ മത്സരവും ടീമിനു ആവുമെന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ബിസിസിഐയുടെ നടപടി.
എന്നാല്‍ ഇരു ബോര്‍ഡുകളും തമ്മില്‍ കൂടുതല്‍ ധാരണയെത്താത്തും പരമ്പരയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുവാന്‍ ഇടയാക്കിയെന്നാണ് അറിയുന്നത്. ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ കഴിഞ്ഞ കാല പ്രകടനം മോശമാണെന്നിരിക്കെ ഈ പരമ്പര റദ്ദാവുന്നത് ഇന്ത്യയ്ക്ക് ഏറെ തിരിച്ചടി സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ഇന്ത്യ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിനു അപ്പുറം ടൂര്‍ണ്ണമെന്റില്‍ എത്തിയിട്ടില്ലായിരുന്നു. 2009, 2010 വര്‍ഷങ്ങളിലെ സെമി നേട്ടമാണ് ടീമിന്റെ ഏറ്റവും മികച്ച പ്രകടനം.
ഒക്ടോബര്‍ 27നു കരീബിയന്‍ ദ്വീപുകളിലേക്ക് യാത്രയാകുന്ന ഇന്ത്യന്‍ ടീം ഇനി അതിനു മുമ്പായി പത്ത് ദിവസത്തെ ക്യാംപില്‍ മുംബൈയില്‍ വെച്ച് ഒത്തു ചേരുമെന്നാണ് അറിയുുന്നത്. നവംബര്‍ നാലിനു വിന്‍ഡീസിനെതിരെയും നവബര്‍ ഏഴിനു ഇംഗ്ലണ്ടിനെതിരെയുമാണ് ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങള്‍.
ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയ, അയര്‍ലണ്ട്, പാക്കിസ്ഥാന്‍, ന്യൂസിലാണ്ട് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.