എസ്ജി വേണ്ടെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി

ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റിനായി എസ്ജി പന്തുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. എസ്ജി ബോളുകള്‍ മോശമാണെന്നും ഇന്ത്യയില്‍ ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കണമെന്നാണ് വിരാട് കോഹ‍്‍ലിയുെ ആവശ്യം. 1990 മുതല്‍ മീററ്റിലെ സാന്‍സ്പാരെയില്‍സ് ഗ്രീന്‍ലാന്‍ഡ്സ് നിര്‍മ്മിക്കുന്ന എസ്ജി ടെസ്റ്റ് എന്ന പന്താണ് ഇന്ത്യ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പന്തുകളുടെ ഗുണനിലവാരം കുറവാണെന്ന് പറഞ്ഞാണ് വിരാട് കോഹ്‍ലി ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ഡ്യൂക്ക് ബോളുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത്.

സീമിനു പേരുകേട്ട ഡ്യൂക്ക് ബോള്‍ ആണ് ഇംഗ്ലണ്ടും വിന്‍ഡീസും ഉപയോഗിക്കുന്നത്. അതേ സമയം ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഓസ്ട്രേലിയയില്‍ നിര്‍മ്മിക്കുന്ന കുക്കാബുറയാണ് ഉപയോഗിക്കുന്നത്. ഹൈദ്രാബാദ് ടെസ്റ്റിനു മുന്നേയുള്ള പത്ര സമ്മേളനത്തിലാണ് വിരാട് ഡ്യൂക്ക് ആണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച പന്തെന്ന് അഭിപ്രായപ്പെട്ടത്.

മത്സരത്തിന്റെ ഏത് ഘട്ടത്തിലും പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരു പോലെ സാധ്യത നല്‍കുവാന്‍ ഡ്യൂക്കിലെ സീമിനു സാധിക്കുമെന്നും വിരാട് അഭിപ്രായപ്പെട്ടു. അടുത്തിടെയായി എസ്ജിയുടെ ഗുണമേന്മ വളരെയധികം താഴോട്ട് പോയിട്ടുണ്ടെന്ന് പറഞ്ഞ വിരാട് അതിന്റെ കാരണമെന്താണെന്ന് അറിയുന്നില്ലെന്നും പറഞ്ഞു.

ഒരു കാലത്ത് ഉയര്‍ന്ന ഗുണമേന്മയുള്ള പന്തായിരുന്നു എസ്ജിയെന്ന് പറഞ്ഞ വിരാട് ഇപ്പോള്‍ കുക്കാബുറയാണ് ഏറ്റവും മികച്ചതെന്നും ഡ്യൂക്ക് അതിനൊപ്പമെത്തുമെന്നും അഭിപ്രായപ്പെട്ടു. അശ്വിനും മുമ്പ് തനിക്ക് എസ്ജിയെക്കാള്‍ കുക്കാബുറയാണ് മെച്ചമെന്ന് തോന്നിയിരുന്നതായി പറഞ്ഞിരുന്നു.