അമ്പെയ്ത്തിൽ കൊറിയ മാത്രം! ടീമിനത്തിൽ എല്ലാ സ്വർണവും തൂത്തുവാരി

Wasim Akram

അമ്പെയ്ത്ത് തങ്ങളുടെ സ്വന്തം ആണെന്ന ദക്ഷിണ കൊറിയയുടെ പ്രഖ്യാപനം ഒരിക്കൽ കൂടി ഒളിമ്പിക്സ് വേദിയിൽ ആവർത്തിച്ചു. ഇത് വരെ മെഡൽ നൽകപ്പെട്ട മൂന്നു ടീം ഇനങ്ങളിലും കൊറിയ തന്നെ സ്വർണം സ്വന്തമാക്കി. ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് ഇനത്തിൽ നേരത്തെ നേതാർലന്റ്സിനെ 5-3 നു വീഴ്ത്തി സ്വർണം നേടിയ ദക്ഷിണ കൊറിയ പിന്നീട്‌ വനിതകളും പുരുഷന്മാരിലും തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചു.

വനിതകളിൽ റഷ്യൻ ഒളിമ്പിക് ടീമിനെ എതിരില്ലാത്ത 6-0 നു ആണ് കൊറിയൻ ടീം തോൽപ്പിച്ചത്. 1988 ൽ ഒളിമ്പിക്‌സിൽ ഈ ഇനം ഉൾപ്പെടുത്തിയ ശേഷം മറ്റൊരു ടീമും ഇതിൽ സ്വർണം നേടിയിട്ടില്ല. തുടർച്ചയായ ഒമ്പതാം ഒളിമ്പിക് സ്വർണം ആയി കൊറിയക്ക് ഇത്. അതേസമയം സെമിയിൽ നേരിയ വ്യത്യാസത്തിൽ ഫൈനലിൽ എത്തിയ പുരുഷ വിഭാഗത്തിൽ ചൈനീസ് തായ്പേയെ പക്ഷെ കൊറിയ വലിയ പ്രായാസം ഇല്ലാതെയാണ് ഫൈനലിൽ ജയിച്ചത്. 6-0 എന്ന ഏകപക്ഷീയമായ സ്കോറിന് ആയിരുന്നു കൊറിയൻ ജയം. വ്യക്തിഗത ഇനങ്ങളിലും തുടർന്നും ഈ ആധിപത്യം തുടരാൻ ആവും കൊറിയൻ ശ്രമം.