ഹരാരെ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 468 റൺസ് പിന്തുടര്‍ന്ന് സിംബാബ്‍വേ 114/1 എന്ന നിലയിൽ. 41 റൺസ് നേടിയ മിൽട്ടൺ ഷുംബയുടെ വിക്കറ്റ് സിംബാബ്‍വേയ്ക്ക് നഷ്ടമായപ്പോള്‍ ടീമിനെ ബ്രണ്ടന്‍ ടെയിലറും താക്കുഡ്സ്വാന്‍ഷേ കൈറ്റാനോയും ചേര്‍ന്നാണ് രണ്ടാം ദിവസം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാന്‍ സഹായിച്ചത്.
61 റൺസാണ് ഒന്നാം വിക്കറ്റിൽ സിംബാബ്‍വേ ഓപ്പണര്‍മാര്‍ നേടിയത്. രണ്ടാം വിക്കറ്റിൽ ബ്രണ്ടനും കൈറ്റാനോയും ചേര്‍ന്ന് 53 റൺസ് നേടിയിട്ടുണ്ട്. ബ്രണ്ടന്‍ 37 റൺസും കൈറ്റാനോ 33 റൺസും ആണ് നേടിയിട്ടുള്ളത്. . ബംഗ്ലാദേശിനായി ഷാക്കിബ് ആണ് വിക്കറ്റ് നേടിയത്.
നേരത്തെ 468 റൺസിൽ ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് സിംബാബ്‍വേ അവസാനിപ്പിച്ചത് ഏറെ കഷ്ടപ്പെട്ടാണ്. 150 റൺസുമായി മഹമ്മുദുള്ള പുറത്താകാതെ നിന്നപ്പോള്‍ ടാസ്കിന്‍ അഹമ്മദ് 75 റൺസ് നേടി പുറത്തായി ഷുംബയ്ക്കാണ് വിക്കറ്റ്. അധികം വൈകാതെ എബാദത്ത് ഹൊസൈന്റെ വിക്കറ്റ് നേടി ബ്ലെസ്സിംഗ് മുസറബാനി ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. 9ാം വിക്കറ്റിൽ 191 റൺസാണ് മഹമ്മുദുള്ള – ടാസ്കിന്‍ കൂട്ടുകെട്ട് നേടിയത്. സിംബാബ്‍വേയ്ക്കായി മുസറബാനി 4 വിക്കറ്റ് നേടി.