ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ആസൂത്രണം പാളിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ലോകകപ്പിന് വേണ്ടി ടീം തിരഞ്ഞെടുക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മന്റ് വരുത്തിയ പിഴവാണ് ഇന്ത്യയുടെ സെമി ഫൈനൽ തോൽവിക്ക് കാരണമെന്നും യുവരാജ് സിങ് പറഞ്ഞു.
ലോകകപ്പിനുള്ള ടീമിൽ നിന്ന് അമ്പാടി റായ്ഡുവിനെ ഒഴിവാക്കിയതും വിജയ് ശങ്കറിനെ ഉൾപെടുത്തിയതും തുടർന്ന് പരിക്കിനെ തുടർന്ന് വിജയ് ശങ്കറിന് പകരക്കാരനായി റിഷഭ് പന്തിനെ ഉൾപ്പെടുത്തിയതിനെയും മുൻ ഇന്ത്യൻ താരം യുവരാജ് സിങ് വിമർശിച്ചു. അമ്പാടി റായ്ഡുവിന് ടീമിൽ ഇടം നൽകാത്തത് തന്നെ നിരാശപെടുത്തിയെന്നും യുവരാജ് പറഞ്ഞു. പരിചയ സമ്പത്ത് കുറഞ്ഞ താരങ്ങളെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മന്റ് നാലാം സ്ഥാനത്തേക്ക് കണ്ടെത്തിയതെന്നും റിഷഭ് പന്തിനും വിജയ് ശങ്കറിനും വെറും 5 മത്സരങ്ങളുടെ പരിചയസമ്പത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവരാജ് സിങ് പറഞ്ഞു.
സെമി ഫൈനലിലെ നിർണ്ണായക മത്സരത്തിൽ ദിനേശ് കാർത്തികിനെ കളിപ്പിച്ചതും ധോണിയെ ഏഴാമനായി ഇറക്കിയതിനെയും യുവരാജ് സിങ് വിമർശിച്ചു. നിർണ്ണായക മത്സരത്തിൽ ഇങ്ങനെ ഒരു തീരുമാനം ശരിയായില്ലെന്നും യുവരാജ് സിങ് പറഞ്ഞു.