ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ടീമില്‍ നിന്ന് യസീര്‍ ഷായെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തു. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റ് ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. ടീം മാനേജ്മെന്റ് നാല് പേസര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതോടെയാണ് ഇത്. തുടര്‍ന്ന് ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ മുഷ്താഖ് അഹമ്മദുമായി പ്രവര്‍ത്തിക്കുവാനായി താരത്തെ പാക് ബോര്‍ഡ് ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.
ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന് ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനും സ്പിന്നര്‍മാരില്‍ നാലാമനുമാണ് യസീര്‍ ഷാ. താരം ഡിസംബര്‍ 16ന് സ്ക്വാഡില്‍ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കപ്പടുന്നത്. കറാച്ചിയില്‍ രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മുന്നേ തിരികെ സ്ക്വാഡിലേക്ക് യസീര്‍ ഷാ തിരികെ എത്തുന്നത് വരെ ലാഹോറില്‍ മുഷ്താഖിനൊപ്പം താരം പരിശീലനം നടത്തും.
ഓസ്ട്രേലിയയില്‍ പാക്കിസ്ഥാന് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ബൗളിംഗില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. അതേ സമയം ബാറ്റിംഗില്‍ താരം ശതകം നേടുകയുമുണ്ടായി. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വെറും അഞ്ച് വിക്കറ്റാണ് താരം രണ്ട് ടെസ്റ്റുകളിലായി നേടിയത്. 402 റണ്‍സാണ് താരം വഴങ്ങിയത്.