ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തീരുമാനിക്കുന്നതിൽ ഇന്ത്യൻ ഓപ്പണർമാർ ആയ രോഹിതും ഗില്ലും വലിയ പങ്ക് വഹിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് താരം വസീം ജാഫർ. ജൂൺ 7 ന് ഓവലിൽ ആരംഭിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും പേസ് ആക്രമണത്തിനെതിരെ രോഹിത് ശർമ്മയും ശുബ്മാൻ ഗില്ലും എങ്ങനെ പോരാടും എന്നത് അനുസരിച്ചാകും ടെസ്റ്റ് നീങ്ങുക എന്ന് വസീം ജാഫർ പറഞ്ഞു.
“ഓപ്പണർമാർ ഒരു വലിയ പങ്ക് തന്നെ വഹിക്കേണ്ടിവരും. സ്വിംഗ് കാരണം ബാറ്റ് ചെയ്യാൻ ഇംഗ്ലണ്ട് വലിയ വെല്ലുവിളി നിറഞ്ഞ സ്ഥലമാണ്. ഡ്യൂക്കിന്റെ പന്തും ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പന്ത് പഴയതാകുമ്പോൾ, അത് സ്വിംഗ് ചെയ്തുകൊണ്ടേയിരിക്കും, കൂടാതെ റിവേഴ്സ് ചെയ്യാനുൻ തുടങ്ങും. സ്റ്റാർക്കും കമ്മിൻസും 145 കിലോമീറ്റർ വേഗതയിൽ എറിയുന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരിക്കും,” ജാഫർ പറയുന്നു.
“ഇന്ത്യക്ക് കാര്യങ്ങൾ നല്ലതാണ്, എന്നാൽ ഒരേയൊരു ആശങ്ക കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അവർ വളരെയധികം ടി20 ക്രിക്കറ്റ് കളിച്ചു, അവർക്ക് വേഗത്തിൽ പൊരുത്തപ്പെടാൻ ആകുമോ എന്നതാണ്. നാലോ അഞ്ചോ ദിവസത്തെ തയ്യാറെടുപ്പ് മാത്രമേ ഉള്ളൂ അത് ഒരു വെല്ലുവിളിയാകും.” ജാഫർ പറഞ്ഞു