ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ടെസ്റ്റ് ക്രിക്കറ്റിൽ 100 പേരെ പുറത്താക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് വൃദ്ധിമാൻ സാഹ. മത്സരതിൽ ബംഗ്ളദേശ് ഓപ്പണർ ഷദ്മൻ ഇസ്ലാമിന്റെ ക്യാച്ച് എടുത്തുകൊണ്ടാണ് വൃദ്ധിമാൻ സാഹ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ മഹ്മദുള്ളയെ പുറത്താക്കാൻ സാഹ ഒരു ലോകോത്തര ക്യാച്ചും എടുത്തിരുന്നു.
36 മത്സരങ്ങളിൽ നിന്ന് 69 ഇന്നിങ്സുകളിലായാണ് സാഹ ഈ നേട്ടം കൈവരിച്ചത്. ഇതിൽ 89 ക്യാച്ചും 11 സ്റ്റമ്പിങ്ങുമാണ് ഉൾപ്പെട്ടിരിക്കുന്നത്. എം.എസ് ധോണി, കിർമാനി, കിരൺ മോറെ, നയൻ മോംഗിയ എന്നിവരാണ് ഇതിന് മുൻപ് 100 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ. ഇതിൽ 294 പേരെ പുറത്താക്കിയ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് മുൻപിൽ.