എവിന്‍ ലൂയിസിന്റെയും ഷായി ഹോപിന്റെയും നിക്കോളസ് പൂരന്റെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് നേടി വിന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ക്ക് തലനാരിഴയ്ക്കാണ് അര്‍ദ്ധ ശതകം നഷ്ടമായത്. ക്രിസ് ഗെയിലിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടിയാണ് വിന്‍ഡീസ് ഇന്നിംഗ്സിന്റെ അടിത്തറ ഇരുവരും ചേര്‍ന്ന് പാകിയത്.
58 റണ്‍സ് നേടിയ ലൂയിസിനെ പുറത്താക്കി റഷീദ് ഖാനാണ് അഫ്ഗാനിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഹോപ്പിനൊപ്പം ക്രീസിലേക്കെത്തി ബാറ്റിംഗ് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ 65 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയപ്പോള്‍ ദവലത് സദ്രാന് 39 റണ്‍സ് നേടിയ ഹെറ്റ്മ്യറെ പുറത്താക്കി. അധികം വൈകാതെ മുഹമ്മദ് നബി ഷായി ഹോപിന്റെ വിക്കറ്റും നേടിയപ്പോള്‍ 37.4 ഓവറില്‍ 192/4 എന്ന നിലയില്‍ നിലകൊണ്ടു. 77 റണ്‍സാണ് ഷായി ഹോപ് നേടിയത്.
അഞ്ചാം വിക്കറ്റില്‍ നിക്കോളസ് പൂരന്-ജേസണ്‍ ഹോള്‍ഡര്‍ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ അവസാന ഓവറുകളില്‍ വിന്‍ഡീസ് സ്കോറിഗിന് വേഗത കൂടി. 105 റണ്‍സ് കൂട്ടുകെട്ട് നേടിയ ഇരുവരും ടീമിനെ മുന്നോട്ട് നയിച്ചു. 68 പന്തില്‍ നിന്നാണ് കൂട്ടുകെട്ട് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ നിക്കോളസ് പൂരന് റണ്ണൗട്ട് ആവുകയായിരുന്നു. അതേ ഓവറില്‍ തന്നെ ജേസണ്‍ ഹോള്‍ഡറിനെ ഷിര്‍സാദ് പുറത്തായി.
നിക്കോളസ് പൂരന് 58 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 45 റണ്‍സുമാണ് നേടിയത്. ഇരു താരങ്ങള്‍ക്കും 130 റണ്‍സിന് മേലെയുള്ള സ്ട്രൈക്ക് റേറ്റാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ 311 റണ്‍സാണ് നിശ്ചിത 50 ഓവറില്‍ വിന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. കാര്‍ലോസ് ബ്രാത്വൈറ്റ് നാല് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.