തുടരെ മൂന്ന് മത്സരങ്ങളിലെ പരാജയം ആശ്വാസം നല്‍കുന്നില്ല, ടീം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല

Sports Correspondent

മൂന്ന് മത്സരങ്ങളിലാണ് ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടെ ന്യൂസിലാണ്ടിന് പരാജയം രുചിക്കേണ്ടി വന്നത്. പാക്കിസ്ഥാനോടും ഓസ്ട്രേലിയയോടും തോല്‍വിയേറ്റ് വാങ്ങിയ ന്യൂസിലാണ്ടിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനോടും അടിയറവ് പറയേണ്ടി വരികയായിരുന്നു. ഇന്നലത്തെ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്, 119 റണ്‍സിന്റെ.

തുടരെയുള്ള തോല്‍വികള്‍ ടീമിന് ഗുണകരമല്ലെന്നാണ് നായകന്‍ കെയിന്‍ വില്യംസണ്‍ ഇന്നലെ മത്സര ശേഷം പറഞ്ഞത്. തെറ്റില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു. സാഹചര്യങ്ങളുടെ അനുകൂല്യം കൂടുതലായി ലഭിച്ചത് ഇംഗ്ലണ്ടിനാണ്, പക്ഷേ ഇംഗ്ലണ്ട് തന്നെയായിരുന്നു മികച്ച ടീമെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

ഒട്ടനവധി കാര്യങ്ങളാണ് പഠിക്കുവാനുള്ളത് പക്ഷേ അതിലുപരി ടീമിലെ അംഗങ്ങള്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുകയും വേണമെന്ന് കെയിന്‍ വില്യംസണ്‍ പറഞ്ഞു. മികച്ച ക്രിക്കറ്റ് കളിക്കുന്നത് വളരെ ആനന്ദകരമാണ്, പല വട്ടം ഞങ്ങളെ മറ്റ് ടീമുകള്‍ പ്രതിരോധത്തിലാക്കി, അത് പോലെ സെമിയിലും എന്ത് വേണമെങ്കിലും സംഭവിക്കാം. തങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ഇതുവരെ ഞങ്ങള്‍ കളിച്ചിട്ടില്ലെന്നും അത് സെമിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വില്യംസണ്‍ അഭിപ്രായപ്പെട്ടു.