അഫ്ഗാനിസ്ഥാനെതിരെ നാളെ നടക്കാനിരിക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ കളിയ്ക്കുമോ എന്ന സംശയത്തില്‍ ഓസ്ട്രേലിയ. ബ്രിസ്റ്റോളില്‍ ടീമിന്റെ പരിശീലനത്തിനിടെ താരത്തിനു പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തെ പരിശീലനത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പരിശീലനത്തില്‍ വലത് കാലിനാണ് മസില്‍ പിടിച്ചതെങ്കിലും താരത്തിനെ ഇപ്പോള്‍ അലട്ടുന്നത് പുറം വേദനയാണെന്നാണ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടത്.
ബുധനാഴ്ചത്തെ സ്ഥിതിയാണ് താന്‍ പറയുന്നതെന്നും താരം കളിയ്ക്കുവാന്‍ അതിയായ ആഗ്രഹവുമായിയാണ് നിലകൊള്ളുന്നതെന്നുമാണ് ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടത്. താരം സജീവമായി തന്നെ നിലകൊള്ളുകയാണെന്നും അത് മികച്ച ലക്ഷണമാണെന്നും ടീമിനു താരത്തിന്മേലുള്ള പ്രതീക്ഷ ഇപ്പോളുമുണ്ടെന്നാണ് ലാംഗര്‍ പറഞ്ഞത്. താരത്തിനു കളിയ്ക്കുവാന്‍ താല്പര്യമുണ്ടെങ്കിലും വാര്‍ണറുടെ ചലനങ്ങള്‍ ശരിയായി ആണോ എന്നത് പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളുവെന്നും ലാംഗര്‍ അറിയിച്ചു.
ഇന്ന് താരത്തെ ഫിറ്റ്‍നെസ്സ് ടെസ്റ്റിനു വിധേയനാക്കുമെന്നും അതിനു ശേഷം മാത്രമേ വാര്‍ണറുടെ കാര്യത്തില്‍ അന്തിമ തീരൂമാനമുണ്ടാകുകയുള്ളുവെന്നുമാണ് അറിയുന്നത്. ടൂര്‍ണ്ണമെന്റ് ഘടന നീണ്ടതാണെന്നും അതിനാല്‍ തന്നെ ഈ മത്സരമല്ലെങ്കിലും 9 മത്സരങ്ങള്‍ ഇനിയും ഉണ്ടെന്ന് പറഞ്ഞ ലാംഗര്‍ താരത്തിന്റെ തിരിച്ചുവരവില്‍ ധൃതിപ്പെടേണ്ടതില്ലെന്നും പറഞ്ഞു.
താരം ഫിറ്റാവുന്ന പക്ഷം വാര്‍ണര്‍ തന്നെയാവും ഓപ്പണ്‍ ചെയ്യുകയെന്നും ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് അഭിപ്രായപ്പെട്ടു.