കേധാര്‍ ജാഥവ് തിരികെ എത്തുന്നത് സന്തോഷകരമായ കാര്യം, ഇന്ത്യ സര്‍വ്വ സന്നാഹങ്ങളോടെ തയ്യാര്‍

Sayooj

ലോകകപ്പില്‍ ഇന്ത്യ സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറാണെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. കേധാര്‍ ജാഥവ് ടീമിലേക്ക് മടങ്ങി വരുന്നത് ടീമിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നും വിരാട് കോഹ‍്‍ലി ഇന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐപിഎല്‍ പ്ലേ ഓഫില്‍ നിന്ന് കേധാര്‍ പരിക്ക് മൂലം പിന്മാറിയിരുന്നു. അതിനു ശേഷം റീഹാബിനു ശേഷം താരം ഇപ്പോള്‍ ബാറ്റ് ചെയ്യുകയും പന്തെറിയുകയും ചെയ്യുന്നുണ്ടെന്ന് വിരാട് പറഞ്ഞു.

കേധാര്‍ ജാഥവിനൊപ്പം തന്നെ രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമിലുള്ളതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിരാട് പറഞ്ഞു. ഏറെ വൈകിയാണെങ്കിലും തങ്ങള്‍ക്ക് മത്സരത്തിനിറങ്ങാനാകുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരെ സര്‍വ്വ സന്നാഹങ്ങളുമായി തങ്ങള്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിരാട് കോഹ്‍ലി പറ‍ഞ്ഞു.